pinarayi

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ഹോം കെയർ ഐസൊലേഷൻ കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ത്രിതല പരിശോധനാ സംവിധാനമൊരുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണം ഇല്ല. ഇവർക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സി.എഫ്.എൽ.ടി.സികളിൽ ഇവരെ കിടത്തുന്നത്. വീട്ടിൽ കിടത്തിയാൽ പ്രശ്നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ അനുവദിക്കും.

ജെ.പി.എച്ച്.എൻ, ആശ വർക്കർ, വളണ്ടിയർ എന്നിവർ നിശ്ചിത ദിവസം രോഗികളെ സന്ദർശിക്കും. ആരോഗ്യനിലയിൽ ബുദ്ധിമുട്ടുണ്ടായാൽ ആശുപത്രിയിലെത്തിക്കും. സി.എഫ്.എൽ.ടി.സികളിൽ കഴിയുന്നവർ പലരും വീട്ടിൽ പൊയ്‍ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കിൽ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല. താത്പര്യമുള്ളവർ സത്യവാങ്മൂലം നൽകണം. ഹോം ക്വാറന്റീൻ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവർക്ക് സർക്കാർ കേന്ദ്രത്തിൽ കഴിയാം.

വളരെ കുറച്ച് പേരാണ് ക്വാറന്റീൻ നിർദ്ദേശം സംസ്ഥാനത്ത് ലംഘിച്ചത്. ഹോം ക്വാറന്റീൻ നടപ്പിലാക്കിയപ്പോഴും പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. മിറ്റിഗേഷൻ രീതി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്റീൻ രീതി ലോകം അംഗീകരിച്ചു. മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കിയെന്നും അദ്ദേഹം പറഞ്ഞു.