ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ മുടിക്കുകയാണെന്ന് അഭിപ്രായപ്പെട്ട് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് മുതലാളിത്ത മാദ്ധ്യമങ്ങൾ മിഥ്യാധാരണ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ധാരണകൾ ഉടൻ തകരുമെന്നും രാഹുൽ ഗാന്ധി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദി രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞ രാഹുൽ നോട്ട് നിരോധനം, ജി.എസ്.ടി, കൊറോണ പ്രതിരോധ സംവിധാനങ്ങളിൽ ഉണ്ടായ പാളിച്ചകൾ, തൊഴിൽ നഷ്ടങ്ങൾ, രാജ്യത്തെ സമ്പത് വ്യവസ്ഥയുടെ നാശം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയും പ്രധാനമന്ത്രിയെ വിമർശിച്ചു.
രാജ്യത്ത് ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെന്നും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തകളും രാഹുൽ പങ്കുവച്ചു.മുൻപ് റഫാൽ ഇടപാടിൽ അഴിമതി നടന്നുവെന്ന ആരോപണവുമായും കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. ഓരോ വിമാനത്തിനും 526 കോടി രൂപക്കു പകരം 1,670 കോടി ചെലവായത് എന്തുകൊണ്ടാണെന്നായിരുന്നു അദ്ദേഹം റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചത്.