whale1

വാഷിംഗ്ടൺ: മാതൃത്വത്തിന്റെ സമാനതകളില്ലാത്ത വാത്സല്യഭാവവുമായി രണ്ടു വർഷം മുമ്പ് വാർത്തകളിൽ നിറഞ്ഞു നിന്ന കൊലയാളി തിമിംഗലം വീണ്ടും അമ്മയാകാനൊരുങ്ങുന്നു. ജെ 35 എന്ന് നിരീക്ഷകർ ഓമനപ്പേരിട്ടു വിളിക്കുന്ന തഹലേക്വ എന്ന

സതേൺ റസിഡന്റ് കില്ലർ വെയ്ൽ 2018ൽ ശ്രദ്ധ നേടിയത് ചാപിള്ളയായി പിറന്ന തന്റെ കുഞ്ഞിനെ കടലിൽ താഴാൻ അനുവദിക്കാതെ ചുമലിൽ കൊണ്ടുനടന്നതോടെയാണ്. ഒന്നും രണ്ടും ദിവസമല്ല, 17 ദിവസം. തന്റെ ചൂടേറ്റ് ആ ജീവൻ എപ്പോഴെങ്കിലും ഒന്ന് തുടിച്ചെങ്കിലോ എന്ന് കരുതിയാകണം തഹലേക്വ സ്വന്തം കുഞ്ഞിനെ താഴെയിടാതെ ചുമന്നു നടന്നത്.

ഇപ്പോഴിതാ രണ്ടു കൊല്ലത്തിനു ശേഷം വീണ്ടും തഹലേക്വ അമ്മയാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരീക്ഷകരാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും തഹലേക്വയുടെ ചിത്രത്തിനൊപ്പമാണ് തഹലേക്വ ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത്. പതിനെട്ടുമാസമാണ് തിമിംഗലത്തിന്റെ ഗർഭകാലം. അതിനാൽ തഹലേക്വയുടെ കുഞ്ഞിനെ കാണാൻ ഇനിയും കാത്തിരിക്കണമെന്നും സമുദ്രനിരീക്ഷകർ പറയുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സതേൺ റസിഡന്റ് കില്ലർ വെയ്ൽ വിഭാഗത്തിലുള്ളതാണ് തഹലേക്വ. അതുകൊണ്ടു തന്നെ തിമിംഗലത്തിന്റെ ഗർഭധാരണത്തിനും പ്രസവത്തിനുമൊക്കെ നിരീക്ഷകർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. തഹലേക്വയ്ക്ക് അടുത്തു കൂടി സഞ്ചരിക്കുന്ന ബോട്ടുകളും കപ്പലുകളും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ഇവർ നൽകിയിട്ടുണ്ട്.

സതേൺ റസിഡന്റ് കില്ലർ വെയ്ൽ

 തിമിംഗലങ്ങളിലെ നാലു വിഭാഗങ്ങളിൽ ഒന്നാണിത്.

 ജെ പോഡ്, കെ പോഡ്, എൽ പോഡ് എന്നീ മൂന്നു വിഭാഗങ്ങളിലായി ആകെ 72 തിമിംഗലങ്ങൾ മാത്രമേയുള്ളൂ.

 കാനഡയിലെ വാൻകോവർ ദ്വീപുകൾക്ക് സമീപവും കാലിഫോർണിയാ കടലിലും കാണപ്പെടുന്നു