മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രബർത്തിക്കെതിരെ നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡെ. റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, അങ്കിത ബിഹാർ പൊലീസിന് മൊഴി നൽകി. സുശാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അങ്കിത, മരണശേഷം അദ്ദേഹത്തിന്റെ പാട്നയിലെ വസതിയിൽ രണ്ടു തവണ പോയിരുന്നുവെന്നും, റിയയുമായുള്ള ബന്ധത്തെ കുറിച്ച് സുശാന്ത് തനിക്ക് അയച്ച സന്ദേശങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിംഗിനെ കാണിക്കുകയും അവ പൊലീസിന് കൈമാറുകയും ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ റിയയ്ക്കെതിരെ പാട്ന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ സത്യം ജയിക്കും എന്ന് അങ്കിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.ടിവി താരങ്ങളായിരിക്കെയാണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. പിന്നീട് സുശാന്ത് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സിനിമയിൽ താരമായ ശേഷമാണ് റിയയുമായി പ്രണയത്തിലാകുന്നത്.
സി.ബി.ഐ അന്വേഷണമില്ല
സുശാന്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.