alexander-lukashenko

മിൻ‌സ്‌ക് : തനിക്ക് കൊവിഡ് ബാധിച്ചിരുന്നതായും യാതൊരു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ രോഗം ഭേദമായെന്നും ബെലറൂസ് പ്രസിഡന്റ് അലക്‌സാ‌ണ്ടർ ലുകാഷെൻകോ. ബെലറൂസ് ന്യൂസ് ഏജൻസിയായ ബെൽറ്റയാണ് ലുകാഷെൻകോയുടെ പ്രസ്താവന പുറത്തുവിട്ടത്.

തനിക്ക് രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ നെഗറ്റീവ് ആയതായി ഡോക്ടർമാർ അറിയിച്ചതെന്നും ഒരു മിലിട്ടറി ബേസ് സന്ദർശിക്കുന്നതിനിടെയാണ് ലുകാഷെൻകോ പറഞ്ഞത്. രാജ്യത്തെ 97 ശതമാനം പേർക്കും കൊവിഡിന്റെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ലുകാഷെൻകോ കൂട്ടിച്ചേർത്തു.

കൊവിഡിനെ ഒട്ടും കൂസാതെ കൂളായി നടക്കുന്ന ബെലറൂ‌സുകാരെ പറ്റി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ലോകത്തെ എല്ലാ പ്രമുഖ ക്ലബുകളും ടൂർണമെന്റ് പിൻവലിച്ചിട്ടും ബെലറൂസിൽ മാത്രം ഫുട്ബോൾ കളി തുടർന്നിരുന്നു. വൈറസിനെ തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ ജനജീവതം സാധാരണയായി നടക്കുന്ന ബെലറൂസ് അപകടം സ്വയം ക്ഷണിച്ചുവരുത്തുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രസിഡന്റ് അല‌ക്‌സാണ്ടർ ലുകാഷെൻകോയ്ക്കാകട്ടെ അതിന് പരിഹസിച്ച് തള്ളുകയാണ് ചെയ്തത്.

പണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബെലറൂസിൽ ഫാക്‌ടറികളും സ്‌കൂളുകളും ബാറുകളും തിയേറ്ററുകളുമെല്ലാം അടയ്ക്കാൻ ലുകാഷെൻകോ അനുവദിച്ചില്ല. 1994 മുതൽ ബെലറൂസിന്റെ തലവനായ ലുകാഷെൻകോ യൂറോപ്പിലാകെ കൊവിഡ് പടർന്നു പിടിക്കുമ്പോഴും പൊതുപരിപാടികളിൽ സജീവമായിരുന്നു. മേയിൽ രാജ്യത്തെ വാർഷിക സൈനിക പരേഡും ലുകാഷെൻകോ നടത്തിയിരുന്നു. മീറ്റിംഗുകളും തടസമില്ലാതെ നടന്നു.

ഹോക്കി കളി കാണാനും കളിക്കാനും വരെ ലുകാഷെൻകോ മുന്നിലുണ്ടായിരുന്നു. മുട്ടുമടക്കി ജീവിക്കുന്നതിനേക്കാൾ നല്ലത് നിവർന്ന് നിന്ന് മരിക്കുന്നതാണെന്നായിരുന്നു മാർച്ചിൽ ലുകാഷെൻകോ പറഞ്ഞത്. കൊവിഡ് വെറും ബുദ്ധിഭ്രമമാണെന്നും വോഡ്‌ക കഴിച്ചാൽ കൊവിഡിനെ തടയാമെന്നായിരുന്നു ലുകാഷെൻകോ തന്റെ പൗരന്മാരോട് പറഞ്ഞത് !. 95 ലക്ഷം ജനങ്ങൾ ജീവിക്കുന്ന ബെലറൂസിൽ നിലവിൽ 67,665 പേർക്ക് കൊവിഡ് ബാധയുള്ളതായും 553 പേർ മരിച്ചെന്നുമാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ യഥാർത്ഥ രോഗ ബാധിതരുടെ എണ്ണം ബെലറൂസ് മറച്ചു വയ്ക്കുന്നതായി ആരോപണമുണ്ട്.