കൊൽക്കത്ത: പശ്ചിമ ബംഗാൾ പി.സി.സി അദ്ധ്യക്ഷൻ സോമൻ മിത്ര (78) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ പുലർച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. ഹൃദയ - വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മിത്ര. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 1972 മുതൽ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാൽ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു.
2019ൽ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതിൽ മിത്രയുടെ നിലപാടാണ് നിർണായകമായത്. 2008ൽ കോൺഗ്രസുമായി തെറ്റി സ്വന്തം പാർട്ടിയുണ്ടാക്കിയ മിത്ര 2009ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2009 മുതൽ 2014വരെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ എം.പിയായിരുന്നു. എന്നാൽ, 2014ൽ തൃണമൂലുമായുള്ള ബന്ധം അവസാനിപ്പിച്ച് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി.