mulapalli

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ താത്പര്യം കാണിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതുമാണ്. ബാലഭാസ്‌കറിന്റെ മരണത്തിലും സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്. ഈ കേസ് സി.ബി.ഐയ്ക്ക് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാനങ്ങളുള്ളതും സംസ്ഥാനത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയതുമായ സ്വർണക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. ഒളിച്ചുവയ്‌ക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പ് സംശങ്ങൾ വർദ്ധിപ്പിക്കുന്നതാണ്. സ്വർണക്കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാൽ അത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിൽ മാത്രം ഒതുങ്ങുന്നതല്ല. മുഖ്യമന്ത്രിയുടെ ഉപജാപക വൃന്ദത്തിലേക്കും അതിലപ്പുറവം എത്തിച്ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി മാത്രം നടത്തുന്ന അന്വേഷണം കൊണ്ട് പ്രയോജനമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരിക്കലും രാഷ്ട്രീയം കളിക്കരുത്. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് ഈ കേസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രവും നിർഭയവുമായി അന്വേഷിക്കാനുള്ള സാഹചര്യം കേന്ദ്ര സർക്കാർ നൽകണം.

എൻ.ഐ.എ, കസ്റ്റംസ് ഏജൻസികളുടെ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. എന്നാൽ ഇതിനിടയിൽ ചില രാഷ്ട്രീയ നീക്കങ്ങളും ഇടപെടലുകളും ഈ കേസിൽ കേന്ദ്ര സർക്കാർ നടത്തുന്നതായി ബലമായ സംശയമുണ്ട്. രാഷ്ട്രീയ നേട്ടം മുൻ നിർത്തി സി.പി.എമ്മും ബി.ജെ.പിയും സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ലാവ്‌ലിൻ കേസ് പതിനെട്ട് തവണ തുടർച്ചയായി മാറ്റിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചേർത്തുവായിക്കുമ്പോൾ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ഒളിച്ചുകളി വ്യക്തമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.