apsara-rani

ഒഡിഷ സ്വദേശിയും ഗ്ളാമർ മോഡലുമായ അപ്സര റാണിയെ നായികയാക്കികൊണ്ട് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത പുതിയ ചിത്രം 'ത്രില്ലറി'ന്റെ ട്രെയിലർ യൂട്യൂബ് വഴി പുറത്തിറങ്ങി. ആർ.ജി.വിയുടെ മുൻ ചിത്രങ്ങളിലെ പോലെ തന്നെ ലൈംഗികതയാണ് ത്രില്ലറിലെയും പ്രധാന പ്രമേയമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ഒഡിയ, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അപ്സര ഇതാദ്യമായാണ് ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നത്. ഒഡിഷ സ്വദേശി തന്നെയായ റോക്ക് കച്ചി എന്നറിയപ്പെടുന്ന വാജിദ് കച്ചിയാണ് ചിത്രത്തിൽ അപ്സരയുടെ നായകനായി വരുന്നത്. അടുത്തിടെ നേക്കഡ്, ക്ളൈമാക്സ്, പവർ സ്റ്റാർ എന്നീ ചിത്രങ്ങൾ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുകയും ഒ.ടി.ടി വഴി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയമാകുകയും ചെയ്തിരുന്നു.

മർഡർ എന്ന് പേരിട്ട തന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെ ഇദ്ദേഹം പങ്കുവച്ചിരുന്നു. ട്രെയിലർ വൻ ജനശ്രദ്ധ നേടുന്നുണ്ടെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട് ആർ.ജി.വി പങ്കുവച്ച പോസ്റ്ററും അപ്സര അല്പവസ്ത്രധാരിണിയായായി നിൽക്കുന്ന ഫോട്ടോകളും വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ചിത്രത്തിലും ഫോട്ടോകളിലുമുള്ള ലൈംഗികതയുടെ അതിപ്രസരമാണ് വിവാദത്തിന് കാരണമായത്.