വാഷിംഗ്ടൺ: കളളവോട്ട് സാദ്ധ്യത ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന നിർദേശവുമായി ഡൊണാൾഡ് ട്രംപ്. മെയിൽ വോട്ടിംഗിൽ തട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ഷൻ നീട്ടിവയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ തട്ടിപ്പുണ്ടെന്ന ആരോപണത്തിന് തെളിവുകളൊന്നും ട്രംപ് നൽകിയില്ല.
സമ്പദ്‌വ്യവസ്ഥ 32.9 ശതമാനം എന്ന റെക്കാഡ് നിരക്കിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്. "യൂണിവേഴ്സൽ മെയിൽ-ഇൻ വോട്ടിംഗിലൂടെ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും നടക്കുക." ട്രംപ് ട്വീറ്റിൽ പറഞ്ഞു.ഇത് രാജ്യത്തിന് വലിയ നാണക്കേടാകുമെന്നും ആളുകൾക്ക് കൃത്യമായും സുരക്ഷിതമായും വോട്ടുചെയ്യാനാകുന്നത് വരെ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ ടൈലർ ഒപ്പിട്ട നിയമപ്രകാരം നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്കു ശേഷം ആദ്യ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാബിനറ്റ് ചേരാതെ ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല. സഭയിൽ ഇത് പാസാക്കിയെടുക്കുകയെന്നതും പ്രയാസമുളള കാര്യമാണ്. ഇലക്ഷൻ പോളുകൾ പ്രകാരം ട്രംപ് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബിഡനെക്കാൾ പോയിന്റ് നിലയിൽ എട്ട് ശതമാനം മുന്നിലാണ്.