വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കേ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസ് വരുമെന്ന അഭ്യൂഹം ശക്തമായി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡൻ കമലയെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിക്കുമെന്നാണ് സൂചന.
ദിവസം ഒരു പൊതു ചടങ്ങിൽ ബൈഡന്റെ കൈയിലുണ്ടായിരുന്ന കുറിപ്പാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. പ്രസംഗത്തിന്റെ പ്രധാന പോയിന്റുകൾ കുറിച്ച ആ പേപ്പറിഷ ആദ്യം എഴുതിയിരുന്നത് കമലാ ഹാരിസ് എന്നാണ്. പേരിന് താഴെ കാമ്പെയിന് സഹായിക്കുന്നു, എല്ലാവരോടും മാന്യമായും സമന്മാരോടെന്ന പോലെയും പെരുമാറുന്നു എന്നൊക്കെ എഴുതിയിരുന്നു. ഇതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയുടെ പേര് ചർച്ചകളിൽ സജീവമായത്. താൻ വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിർദ്ദേശം ചെയ്യുവെന്ന് ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബൈഡൻ വർണവിവേചനത്തെ അനുകൂലിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ വർഷം പാർട്ടി സംവാദത്തിൽ കമല നിശിതമായി വിമർശിച്ചിരുന്നു. അതേതുടർന്ന് കമലയെ ഒഴിവാക്കാൻ ബൈഡന്റെ സംഘം ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
ആഗസ്റ്റ് ആദ്യവാരത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കയാണ്. 78കാരനായ ബൈഡൻ പ്രസിഡന്റായാൽ ആപദവിയിൽ എത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായിരിക്കും. രണ്ടാം തവണ മത്സരിക്കില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. അപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കാവും സ്വാഭാവികമായി അവസരം ലഭിക്കുക. 55കാരിയായ കമലാ ഹാരിസ് യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരുമോയെന്ന് കാത്തിരുന്ന് കാണാം.
അതേസമയം, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് രണ്ടാം തവണയും പ്രസിഡന്റാവാനുള്ള തയ്യാറെടുപ്പിലാണ്.
കമലാ ഹാരിസ്
ജനനം 1964 ഒക്ടോബർ 20
അമ്മ തമിഴ്നാട്ടുകാരിയായ കാൻസർ സ്പെഷ്യലിസ്റ്റ് ശ്യാമള ഗോപാലൻ
അച്ഛൻ ജമൈക്കയിൽ നിന്ന് കുടിയേറിയ ഇക്കണോമിക്സ് പ്രൊഫസർ ഡൊണാൾഡ് ഹാരിസ്
ഏഴാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു
ഇക്കണോമിക്സിലും നിയമത്തിലും ബിരുദം നേടി
2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറൽ
2017 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയ ജൂനിയർ സെനറ്റർ.
ഡഗ്ളസ് എംകോഫാണ് ഭർത്താവ്.
സഹോദരിമാർ മായ ഹാരിസ്, മീന ഹാരിസ്.