ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവായുള്ള ആരോഗ്യ പരിശോധനയെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ അറിയിച്ചത്. രാത്രി ഏഴ് മണിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ അവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ഡോ. അരൂപ് കുമാർ ബസുവിന്റെ സംരക്ഷണയിലാണ് സോണിയ ഗാന്ധിയെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
നിലവിൽ കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷയാണ് സോണിയ ഗാന്ധി. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് 2017ൽ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നുവെങ്കിലും 2019 മെയ് മാസത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. മകൻ രാഹുൽഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സോണിയ വീണ്ടും അദ്ധ്യക്ഷയായത്.
ഇടക്കാല അദ്ധ്യക്ഷ എന്ന നിലയിൽ സോണിയ ഗാന്ധി വ്യാഴാഴ്ച പാർട്ടി രാജ്യസഭാ എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ മന്ത്രിമാരായ എ.കെ ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, പി ചിദംബരം, ജയറാം രമേശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.