pic

ഇസ്ലാമാബാദ്: വ്യോമ സേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇതിൽ അഞ്ചെണ്ണം കഴിഞ്ഞ ദിവസം അംബാല വ്യോമത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന് ഇരിപ്പുറയ്ക്കാതെയായത്. ഇന്ത്യ ക്രമാതീതമായി ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയിൽ നിന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വൻതോതിൽ വർദ്ധിപ്പിക്കുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇതിനിടെയാണ് ഇന്ത്യയുടെ നടപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.റഷ്യയിൽ നിന്ന് 1997 ലാണ് സുഖോയ് യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. 23 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. ഇന്ത്യ ആവശ്യത്തിലധികം ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാകിസ്ഥാന്റെ പരാതി. ഇന്ത്യ ആണവായുധങ്ങൾ നവീകരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാകിസ്ഥാൻ ആരോപിച്ചു.

ഭീകരവാദികൾക്ക് താവളം ഒരുക്കുന്നതിന്റെ പേരിൽ ലോകരാജ്യങ്ങളുടെ വിമർശം നേരിടുന്നതിനിടയിലാണ് ഇന്ത്യക്കെതിരെയുളള പാകിസ്ഥാന്റെ ആരോപണം. ഇന്നലെ വൈകീട്ടോടെയാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ അംബാല വ്യോമത്താവളത്തിൽ എത്തിയത്.