parallel-forest

വിചിറ്റ പർവതനിരകളെ പറ്റി കേട്ടിട്ടുണ്ടോ ? വെള്ളച്ചാട്ടങ്ങളും വന്യജീവികളും നിറഞ്ഞ് മനോഹരമായ കാഴ്ചകളാൽ സമ്പുഷ്ടമായ ഇവിടം അമേരിക്കയിലെ ഒക്‌ലഹോമയിലെ ലോടൗണിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വൈൽഡ്‌ലൈഫ് റെഫ്യൂജും പ്രസിദ്ധമാണ്.

സഞ്ചാരികളുടെ പറുദീസയായ ഇതിനു സമീപം 'പാരലൽ ഫോറസ്‌റ്റ്' എന്ന വനം സ്ഥിതി ചെയ്യുന്നുണ്ട്. ഏറെ നിഗൂഢതകൾ നിറഞ്ഞ പ്രദേശമായി അറിയപ്പെടുന്ന പാരലൽ ഫോറസ്‌റ്റിനെ ചുറ്റിപ്പറ്റി നടക്കുന്നതെല്ലാം അസ്വഭാവികമായ കാര്യങ്ങളാണത്രെ. 20,000 ത്തിലധികം ദേവദാരു വൃക്ഷങ്ങളാണ് പാരലൽ ഫോറസ്‌റ്റിന്റെ പ്രത്യേകത.

parallel-forest

16 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പാരലൽ ഫോറസ്‌റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇവിടുത്തെ ദേവദാരു വൃക്ഷങ്ങളെല്ലാം 6 അടി അകലത്തിൽ സസൂഷ്‌മം നട്ടിരിക്കുന്നതായി കാണാം. ഇവിടെ ഏത് ദിശയിൽ നിന്നു നോക്കിയാലും തുല്യ അകലത്തിൽ സമാന്തരമായാണ് ഈ മരക്കൂട്ടങ്ങളെ കാണാൻ സാധിക്കുക. പാരലൽ ഫോറസ്‌റ്റിന് ഇങ്ങനെയൊരു പേര് ലഭിക്കാനുള്ള കാരണം ഇപ്പോൾ മനസിലായി കാണുമല്ലോ.

സാധാരണ ഇവിടുത്തെ ഇടതൂർന്ന ദേവദാരു വൃക്ഷങ്ങൾ സൂര്യപ്രകാശത്തെ ഉള്ളിലേക്ക് അധികം കടത്തി വിടാറില്ല. അതുകൊണ്ട് തന്നെ ശൈത്യകാലത്ത് പാരലൽ ഫോറസ്‌റ്റിന് ഉൾവശത്ത് ഭയങ്കര ഇരുട്ടായിരിക്കും. കണ്ടാൽ ആരും പേടിക്കും. ഒരു പ്രേത സിനിമയുടെ സെറ്റ് പോലെയാണ് അപ്പോൾ പാരലൽ ഫോറസ്‌റ്റ്.

parallel-forest

ഇനി പാരലൽ ഫോറസ്റ്റിനെ പറ്റി കേൾക്കുന്ന കഥകൾ പറയാം. വനത്തിനുള്ളിലെ ചില ശിലാരൂപങ്ങൾ കാട്ടിനുള്ളിൽ ദുർമന്ത്രവാദികൾ സാത്താൻ സേവ നടത്തുന്നതിന്റെ തെളിവാണെന്ന് ചിലർ പറയുന്നു. ഈ ശിലകളുടെ അരികിലെത്തുന്നവർക്ക് വിചിത്ര അനുഭവങ്ങൾ ഉണ്ടായതായും ചിലർ വെളിപ്പെടുത്തുന്നു. തലയില്ലാത്ത ഒരു ആൺകുട്ടിയുടെ പ്രേതം ഇവിടെ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് മറ്റൊരു കഥ.

parallel-forest

ചില വിചിത്രജീവികളും പാരലൽ ഫോറസ്റ്റിന്റെ കെട്ടുകഥകളിലെ നിറസാന്നിദ്ധ്യമാണ്. വനത്തിലെത്തിയ ചിലർ വിചിത്ര ശബ്‌ദങ്ങൾ കേട്ടതായും തങ്ങളുടെ ഫോട്ടോകളിൽ അവ്യക്തമായ ചില രൂപങ്ങൾ പതിഞ്ഞതായി അവകാശപ്പെട്ടിട്ടുണ്ടെന്നും ഇവിടുത്തെ നാട്ടുകാർ പറയുന്നു. എന്നാൽ ഇതെല്ലാം വെറും കെട്ടുകഥയാണെന്നാണ് വിശദീകരണം. പ്രകൃതിദത്തമായി പാരലൽ ഫോറസ്‌റ്റിന് ലഭിച്ച ഭയാനകമായ രൂപമായിരിക്കാം ഒരു പക്ഷേ, ആളുകളിൽ പേടിപ്പെടുത്തുന്ന തോന്നലുകൾ ഉണ്ടാക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

സന്ധ്യമയങ്ങിയാൽ ഒറ്റയ്‌ക്ക് കാടിനുള്ളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നാണ് പൊതുവേയുള്ള നിർദ്ദേശം. കാരണം പകൽ സമയങ്ങളിൽ പോലും ഇരുണ്ട അന്തരീക്ഷമുള്ള പാരലൽ ഫോറസ്‌റ്റ് രാത്രി കാലങ്ങളിൽ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാമല്ലോ. കറുത്ത വലിയ പുതപ്പ് കൊണ്ട് മറച്ചാൽ എങ്ങനെയിരിക്കും... അതുപോലെയാകും അന്നേരം വനത്തിനുള്ളിലെ കാഴ്‌ച. അതുകൊണ്ട് തന്നെ വനത്തിനുള്ളിൽ കടന്നാൽ വഴിതെറ്റിപ്പോകാൻ വളരെയേറെ സാദ്ധ്യതയുണ്ട്.