turkey

ന്യൂഡൽഹി: പാകിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപിൽ നിൽക്കുന്നത് തുർക്കിയെന്ന് അനുമാനം. കേന്ദ്ര സർക്കാരിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാദ്ധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെയും കാശ്മീരിലെയും ഉൾപ്പെടെ രാജ്യത്തെ ഇസ്‌ലാമിക(ഇസ്ലാമിസ്റ്റ്) തീവ്രവാദ സംഘടനകൾക്ക് പണം ലഭിക്കുന്നതും അവരെ പിന്തുണയ്ക്കുന്നതും തുർക്കി അടിസ്ഥാനമാക്കിയുള്ള സംഘങ്ങളാണെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഇവർക്ക് തുർക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എർദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്. ദക്ഷിണേഷ്യയിലെ മുസ്ലീങ്ങളെ, പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലിം യുവാക്കളെ സ്വാധീനിച്ചുകൊണ്ട് അവരെ ഭീകരവാദികളായി റിക്രൂട്ട് ചെയ്യാനാണ് തുർക്കി സംഘങ്ങൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ദക്ഷിണേഷ്യൻ മുസ്ലിം രാഷ്ട്രങ്ങളിൽ സൗദി അറേബ്യ മേൽക്കൈ നേടുന്നത് തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളിൽ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുർക്കിയുടെ ഇപ്പോഴത്തെ ശ്രമം.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടർന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തിൽ തന്നെ വളർത്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങൾക്ക് മാതൃകയാകാനുമാണ് തുർക്കിയുടെ ലക്ഷ്യമെന്നും അനുമാനമുണ്ട്. 1483 വർഷങ്ങൾക്ക് മുൻപ് എ.ഡി 537ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി നിർമ്മിക്കുകയും പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ മുസ്ലിം പള്ളിയും, ശേഷം മ്യൂസിയവും(1934 മുതൽ) ആയി മാറിയ ഹാജിയ സോഫിയ പള്ളി അടുത്തിടെ വീണ്ടും മസ്ജിദ് ആയി മാറ്റാനുള്ള എർദോഗന്റെ തീരുമാനം ഇതിന്റെ ആദ്യപടിയായി വേണം കണക്കിലാക്കാൻ.