ജിയോയുടെ ലാഭക്കുതിപ്പ് 182%
മുംബയ്: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ 30.97 ശതമാനം കുതിപ്പോടെ 13,233 കോടി രൂപയുടെ ലാഭം നേടി. പ്രവർത്തനേതര വരുമാനം 54 ശതമാനം വർദ്ധിച്ച് 4,388 കോടി രൂപയിൽ എത്തിയത് കമ്പനിക്ക് നേട്ടമായി. ബ്രിട്ടീഷ് കമ്പനിയായ ബി.പിയുമായി ചേർന്നുള്ള സംയുക്ത സംരംഭമായ റിലയൻസ് ബി.പി. മൊബിലിറ്റി സർവീസസിൽ 4,966 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതും കരുത്തായി.
റിലയൻസിന്റെ ടെലികോം/ഡിജിറ്റൽ വിഭാഗമായ ജിയോയുടെ ലാഭം 182.82 ശതമാനം മുന്നേറി 2,520 കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 891 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 33.70 ശതമാനം വർദ്ധിച്ച് 16,557 കോടി രൂപയായി. ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 129 രൂപയിൽ നിന്ന് 157 രൂപയിലെത്തിയത് ജിയോയ്ക്ക് നേട്ടമായി.
അതേസമയം, റിലയൻസ് റീട്ടെയിൽ 17 ശതമാനവും പെട്രോകെമിക്കൽസ് 33 ശതമാനവും റിഫൈനിംഗ് ബിസിനസ് 54 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 45 ശതമാനവും മീഡിയ 35.20 ശതമാനവും വരുമാന നഷ്‌ടം കുറിച്ചു. റിലയൻസിന്റെ സഞ്ചിതവരുമാനം 42 ശതമാനം താഴ്‌ന്ന് 95,626 കോടി രൂപയിലുമെത്തി.