kalavathi

ബംഗളൂരു: കൊവിഡ് ഭേദമായി വീട്ടിൽ തിരിച്ചെത്തിയ ഭാര്യയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി രജനികാന്ത് ആരാധകനായ ഭർത്താവ്. ചുവന്ന പരവതാനി വിരിച്ച്, ആരതി ഉഴിഞ്ഞ്, താലപ്പൊലിയും പുഷ്പവൃഷ്ടിയും നടത്തിയാണ് ഇവന്റ് മാനേജറായ രാമചന്ദ്ര റാവു ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്.

നഴ്സ് ആയി ജോലിചെയ്യുന്ന രാമചന്ദ്ര റാവുവിന്റെ ഭാര്യ കലാവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നിരുന്നു. അതുവരെ വളരെ അടുത്ത് ഇടപെട്ടുകൊണ്ടിരുന്ന അയൽക്കാർ രോഗം സ്ഥിരീകരിച്ചത് അറിഞ്ഞതിൽ പിന്നെ ശത്രുതയോടെ പെരുമാറാൻ തുടങ്ങി. തനിക്ക് ചുറ്റുമുള്ള ഈ അനീതി കണ്ടാണ് ഭാര്യയ്ക്ക് ഒരു വർണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്.

പത്ത് ദിവസത്തോളം വീട് സീൽ ചെയ്തിരിക്കുകയായിരുന്നെന്നും ഭാര്യയെ കാണാൻ കാത്തിരിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തുനിന്നും പൂക്കൾ വിതറിയാണ് അദ്ദേഹം ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്.

കൊവിഡ് വാർഡിൽ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോല്പിക്കാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസം തനിക്കുണ്ടായിരുന്നെന്നാണ് കലാവതിയുടെ വാക്കുകൾ. ആഗസ്റ്റ് ഒന്നുമുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു.