azhar

ഹൈദരാബാദ് : 2000ത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഉലച്ച ഒത്തുകളി ആരോപണം ഉയർന്നപ്പോഴേ തന്നെ ആജീവാനാന്തം വിലക്കിയത് എന്തിനായിരുന്നുവെന്ന് ഇപ്പോഴും ശരിക്കും തനിക്ക് അറിയില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ. നീണ്ട നിയമപോരാട്ടത്തിനുശേഷം, 2012ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഈ വിലക്ക് നിയമവിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ക്രിക്കറ്റ്പാക്കിസ്ഥാൻ ഡോട്ട് കോം എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടത്തെ കുറിച്ച് അസ്ഹറുദ്ദീൻ ഓർമ്മിച്ചത്.

സംഭവിച്ച കാര്യങ്ങളിൽ ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ വിലക്കാനുള്ള കാരണങ്ങൾ എനിക്ക് ശരിക്കും അറിയില്ലായിരുന്നു. പക്ഷെ ഞാൻ അതിനെതിരെ പോരാടാൻ തീരുമാനിച്ചു, 12 വർഷത്തിനുശേഷം എന്റെ നിരപരാധിത്വം തെളിയിച്ചു. തുടർന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്നെ വിലക്കിയ ബി.സി.സി.ഐയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു- അസ്ഹർ പറഞ്ഞു.

നൂറ് തികയ്ക്കാതെ

തന്റെ കരിയറിലെ 99-ാമത്തെ ടെസ്റ്റ് അവസാനത്തേതായിരിക്കുമെന്ന് നേരത്തേ അറിയാനായിരുന്നില്ല. 100 മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിൽ ഖേദമില്ലെന്ന് അസ്ഹറുദ്ദീൻ പറയുന്നു.

താൻ വിധിയിൽ വിശ്വാസിക്കുന്നയാളാണെന്നും മികച്ച കളിക്കാർ ഒരിക്കലും 99ൽ നിറുത്തില്ലെന്നും അസ്ഹർ പറയുന്നു.അതുകൊണ്ടുതന്നെ തന്റെ 99 ടെസ്റ്റ് മത്സരങ്ങളുടെ റെക്കാഡ് തകരില്ലെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.

വളരെക്കാലം ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് തന്നെ ഭാഗ്യമാണെന്ന് അസ്ഹർ പറയുന്നു. 17 വർഷം വരെ ഇന്ത്യയ്ക്കായി കളിച്ചു, 10 വർഷത്തോളം ക്യാപ്ടനായി. ഇതിൽ കൂടുതലായി ആഗ്രഹിക്കുന്നത് ശരിയല്ലെന്നും അസ്ഹർ പറഞ്ഞു.

തന്നെ സഹായിച്ച സഹീർ

1989 ലെ പാക്കിസ്ഥാൻ പര്യടനത്തിൽ ഫോം വീണ്ടെടുക്കാൻ തന്നെ സഹായിച്ചത് അന്നത്തെ പാക് ഇതിഹാസ താരം സഹീർ അബ്ബാസ് ആയിരുന്നുവെന്ന് അസ്ഹർ വെളിപ്പെടുത്തി. താൻ നെറ്റ്‌സിൽ പ്രാക്ടീസ് ചെയ്യുന്നത് കണ്ട സഹീർ ബാറ്റിന്റെ ഗ്രിപ്പിൽ ചെറിയ മാറ്റം വരുത്താൻ നിർദേശിച്ചു. അതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ,അനായാസമായി, ആക്രമിച്ചു കളിക്കാൻ തനിക്ക് സാധിച്ചുവെന്ന് അസ്ഹർ വെളിപ്പെടുത്തുന്നു.

താൻ സഹായിച്ച യൂനിസ്

വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാൻ ബാറ്റ്‌സ്മാൻ യൂനിസ് ഖാൻ ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ അസ്ഹറുദ്ദീന്‍ൻ സഹായത്തിനെത്തി. സഹീർ ഭായ് തനിക്ക് ചെയ്ത സഹായം മറ്റൊരു പാക് താരത്തിന് തിരിച്ചു നൽകാൻ ലഭിച്ച അവസരമായി അസ്ഹർ അതിനെ കരുതി. 2016 ൽ ഇംഗ്ലണ്ട് പര്യടനത്തിൽ യൂനിസ് റൺസ് കണ്ടെത്താൻ വിഷമിച്ചു. യൂനിസ് ഖാനെ ഫോണിൽ ബന്ധപ്പെട്ട അസ്ഹർ ബാറ്റിംഗിൽ വരുത്തേണ്ട മാറ്റം നിർദേശിച്ചു. ക്രീസിനകത്ത് നിന്നുകൊണ്ട് ശരീരത്തോട് ചേർന്നു കൊണ്ടുള്ള ഷോട്ടുകൾ മാത്രം കളിക്കുക. യൂനിസ് ഖാൻ ആ ഉപദേശം സ്വീകരിച്ചു. ഓവലിലെ അവസാന ടെസ്റ്റിൽ യൂനിസ് ഖാന്‍ ഇരട്ടസെഞ്ചുറി നേടിയപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് താനായിരിക്കുമെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു

99 ടെസ്റ്റുകളിൽ നിന്ന് 45 ശരാശരിയിൽ 6125 റൺസും 334 ഏകദിനങ്ങളിൽ നിന്ന് 36.92 ശരാശരിയിൽ 9378 റൺസും അസ്ഹറുദ്ദീൻ നേടിയിട്ടുണ്ട്. മൂന്ന് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ചു.