ജനീവ: കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈറസ് വായുവിലൂടെ പകരുമോ എന്ന സംശയം ഏവരേയും അലട്ടുകയാണ്. വായുവിലൂടെ പകരാൻ സാദ്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പ്രത്യേക സാഹചര്യങ്ങളിൽ വൈറസ് വായുവിലൂടെ പകരാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചത്.
കൊവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്കാണ് വായുവിലൂടെ രോഗബാധയേൽക്കാൻ കൂടുതൽ സാദ്ധ്യതയെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആളുകൾ സമ്പർക്കത്തിൽ വരുന്ന റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവിടങ്ങളിൽ വൈറസ് വായുവിൽ തങ്ങിനിന്ന് മറ്റുളളവരിലേക്ക് പകരാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമൂഹിക അകലം പാലിക്കുന്നത് മാത്രമാണ് വായുവിലൂടെയുളള രോഗവ്യാപനം തടയുന്നതിനുള്ള ഏക മാർഗം. വായുസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളിൽ രോഗാണുക്കൾ കൂടുതൽ നേരം വായുവിൽ തങ്ങിനിന്നേക്കാമെന്നും ഇത് കൂടുതൽ അപകടകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് വൈറസിന് വായുവിൽ 8 മുതൽ 14 മിനിറ്റ് വരെ തങ്ങിനിൽക്കാൻ കഴിവുമെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മെയിൽ പുറത്തുവന്നിരുന്നു. കൃത്യമായ രീതിയിൽ ഫെയ്സ് മാസ്കുകൾ , സുരക്ഷാവസ്ത്രങ്ങൽ എന്നിവ ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും രോഗവ്യാപനം തടയാമെന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നത്.