ന്യൂഡൽഹി: കൊവിഡ് വൈറസിനെതിരായി വാക്സിൻ നിർമിച്ചാൽ ആദ്യം ഏത് വിഭാഗം ആളുകൾക്ക് നൽകണമെന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ഏത് വിഭാഗം ആളുകൾക്കാണ് വാക്സിൻ ആദ്യം നൽകേണ്ടതെന്ന കാര്യം സർക്കാർ തലത്തിലും പുറത്തും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ രാജേഷ് ഭൂഷൺ പറഞ്ഞു.വാക്സിനുകളുടെ ശാസ്ത്രീയ പരമായ പുത്തൻ ആശയങ്ങൾ പങ്കുവച്ചുളള അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വൈറസിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽക്കേണ്ടതെന്നാണ് ഏവരുടെയും അഭിപ്രായം. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് പിന്നാലെ ഏത് വിഭാഗം ആളുകൾക്കാണ് വാക്സിൻ നൽകേണ്ടതെന്ന കാര്യത്തിലും ഇത് വരെ വ്യക്തത വന്നിട്ടില്ലെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.പ്രായമായവർ, രോഗാവസ്ഥയിലുള്ളവർ,ദരിദ്രർ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, എന്നിങ്ങനെ നിരവധി വിഭാഗം ആളുകളാണ് രാജ്യത്തുളളത്. ഇവരിൽ ഏത് വിഭാഗം ആളുകളിൽ മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ എത്തിക്കണമെന്നത് സംബന്ധിച്ച ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിൻ വികസിപ്പിച്ചുകഴിഞ്ഞാൽ നാല് പ്രധാന വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. മുൻഗണന അടിസ്ഥാനത്തിൽ ന്യായമായി ഏവർക്കും വാക്സിൻ എത്തിച്ച് നൽകുക. വാക്സിൻ കൃത്യമായ താപനിലയിൽ സുക്ഷിക്കുക, വാക്സിന്റെ വൻ ശേഖരം നടത്തുക, വാക്സിൻ നൽകുന്ന വ്യക്തികളെ പരിശീലിപ്പിക്കുക. ഈ നാല് കാര്യങ്ങളിലും രാജ്യം പ്രധാന പങ്ക് വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.