ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ കഴിഞ്ഞ മാസം ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വാണിജ്യബന്ധത്തിൽ ഇന്ത്യ മാറ്റം വരുത്തുന്നതിൽ മുന്നറിയിപ്പ് നൽകി ചൈന. സമ്പദ്‌വ്യവസ്ഥയെ നിർബന്ധിതമായി വിച്ഛേദിക്കുന്നത് ഇരു രാജ്യങ്ങളെയും വേദനിപ്പിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡർ സൺ വെയ്‌ദോങ് പറഞ്ഞു. ചൈനീസ് അപ്പുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രസ്താവന.
ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം ലാഭമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് വ്യക്തമാക്കി.
'നമ്മുടെ സമ്പദ്ഘടനകൾ പരസ്പരപൂരിതവും, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും, പരസ്പരം ആശ്രയിക്കുന്നതുമാണ്. നിർബന്ധപൂർവം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണിത ഫലത്തിലേക്ക് നയിക്കും.'- അംബാസഡർ ട്വീറ്റ് ചെയ്തു.