merin

ന്യൂയോർക്ക്: യു.എസിലെ മിയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശി മെറിൻ ജോയി(28) ഭർത്താവ് ഫിലിപ്പ് മാത്യുവിനെ ഭയന്നിരുന്നതായും, അയാൾ നിരന്തരം അവളെ ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ സഹപ്രവർത്തകയായ മിനിമോൾ പറഞ്ഞു.

'നിന്നേം കൊല്ലും ഞാനും ചാവും, കൊച്ചിനെയും കൊല്ലുമെന്നയാൾ നിരന്തരം മെറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മിനി മോൾ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. മെറിനെതിരെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചരണം നടക്കുന്നതായും അവർ ആരോപിച്ചു.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. ആശുപത്രിക്കു പുറത്ത് ഫിലിപ് 45 മിനിറ്റോളം കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. മെറിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച ദൃക്സാക്ഷിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ മാസം 28ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണ കുത്തിപരിക്കേൽപ്പിച്ചശേഷം, നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. സംഭവത്തിൽ പ്രതിയെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.