imran-khan

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാലയിലെത്തിയത്. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയായി. ഫ്രാൻസിൽ നിന്ന് ആദ്യ ബാച്ച് എത്തിയപ്പോഴേ പാകിസ്ഥാനിൽ ആശങ്കയേറിയിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാകിസ്ഥാനിപ്പോൾ. കഴിഞ്ഞ ദിവസം ഇന്ത്യ ക്രമാതീതമായി ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയിൽ നിന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

റഷ്യയിൽ നിന്ന് 1997 ലാണ് സുഖോയ് യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. 23 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. ഇന്ത്യ ആവശ്യത്തിലധികം ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാകിസ്ഥാന്റെ പരാതി. ഇന്ത്യ ആണവായുധങ്ങൾ നവീകരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാകിസ്ഥാൻ ആരോപിച്ചു.

പാകിസ്ഥാന് മാത്രമല്ല ചൈനയ്ക്കുമുണ്ട് ഭയം. റാഫേൽ വിമാനം ഇന്ത്യയിൽ എത്തിയപ്പോൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശങ്ങൾ ചൈനയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന സേന ഇപ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതോടെ ഇതുവരെ പ്രകോപിപ്പിച്ചിരുന്ന ചൈനയ്ക്ക് ഇപ്പോൾ സമാധാനം വേണമെന്നാണ് ആവശ്യം.

പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡർ സൺ വെയ്‌ദോങ് പറഞ്ഞു. കൂടുതൽ ചൈനീസ് അപ്പുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളും അവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.