വാഷിംഗ്ടൺ: അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഏഴുവയസുകാരനായ ബഡ്ഡി എന്ന നായയാണ് കഴിഞ്ഞദിവസം ചത്തത്. റൊബർട്ട് മാഹോണി എന്നയാളാണ് ഉടമസ്ഥൻ. ഇയാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം ഭേദമായി. ഉടമയിൽ നിന്നാണ് നായയ്ക്ക്
രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.
ഏപ്രിൽ മാസത്തിലാണ് നായയ്ക്ക് രോഗമുണ്ടെന്ന സംശയം തുടങ്ങിയത്. കൊവിഡ് ബാധിച്ച മനുഷ്യർക്ക് സമാനമായ ശ്വാസംമുട്ടൽ ഉൾപ്പടെയുളള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും ആദ്യം ഉടമ കാര്യമാക്കിയില്ല. ആശുപത്രിയിൽ കൊണ്ടുപോകാനും തയ്യാറായില്ല. ഈമാസം പതിനൊന്നിന് നായ രക്തം ഛർദ്ദിച്ചു. ഒപ്പം മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടുതുടങ്ങി. തുടർന്ന് ഒരു ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ നായയുടെ ആരോഗ്യ നില കൂടുതൽ വഷളാവുകയായിരുന്നു. നടക്കാനോ എഴുന്നേൽക്കാനോ പോലും വയ്യാത്ത അവസ്ഥയിലായി. ഇതോടെ ഉടമ ദയാവധത്തിന് വിധേയനാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നായയ്ക്ക് കൊവിഡിനെ കൂടാതെ ലിംഫോമയെന്ന രോഗവും ഉണ്ടായിരുന്നു എന്നാണ് ഉടമ പറയുന്നത്.
പ്രദേശത്തെ മറ്റുചില മൃഗങ്ങൾക്കും രോഗബാധ ഉണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊവിഡ് വൈറസ് മൃഗങ്ങളെ ബാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.