bala

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ, വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒയുമായ പി.എസ്.സരിത്തിനെ സംഭവ സ്ഥലത്ത് കണ്ടെന്ന നിലപാടിൽ ഉറച്ച് നടൻ കലാഭവൻ സോബി. അപകടം നടന്ന് 5 മിനിട്ടിനുള്ളിലാണ് താൻ അപകടസ്ഥലത്ത് എത്തിയതെന്നും അപ്പോൾ തികച്ചും സൈലന്റായി നിൽക്കുകയായിരുന്ന സരിത്തിനെ പ്രത്യേകം

ശ്രദ്ധിച്ചുവെന്നും സോബി ഇന്നുരാവിലെ 'കേരളകൗമുദി ഫ്ളാഷി'നോട് വെളിപ്പെടുത്തി. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്ത് വച്ച് 2018 സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപെട്ടത്.

സോബി പറയുന്നത്

'' അപകടം നടന്ന് അഞ്ച് മിനിട്ടിന് ശേഷമാണ് താൻ പള്ളിപ്പുറത്ത് എത്തിയത്. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാർ മരത്തിൽ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോൾ അസ്വാഭാവിക സാഹചര്യത്തിൽ ചിലരെ അവിടെ കണ്ടു. ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. മറ്രൊരാൾ തികച്ചും സൈലന്റായി അവിടെ നിൽപുണ്ടായിരുന്നു. ചുവപ്പിൽ നീല വരയുള്ള ടീഷർട്ടും ബർമുഡയുമാണ് അയാൾ ധരിച്ചിരുന്നത്. യാതൊരു ഭാവഭേദവും ഇല്ലാതെ നിൽക്കുന്നതിനാൽ തന്നെ അയാളുടെ മുഖം ഓർമ്മയിലുണ്ട്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ ചിത്രങ്ങൾ ചാനലുകളിലും മറ്റും വന്നപ്പോഴാണ് കാറപകട സ്ഥലത്ത് കണ്ടത് സരിത്താണെന്ന് മനസിലായത്. ഇക്കാര്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. പക്ഷേ,​ അവർ പിന്നീട് തന്നെ ബന്ധപ്പെട്ടില്ല.

കേസ് സി.ബി.ഐ ഏറ്റെടുത്തത് അറിഞ്ഞു. അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിനായി സി.ബി.ഐ വിളിപ്പിച്ചാൽ അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുമെന്നും സോബി പറഞ്ഞു. സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും സി.ബി.ഐയ്ക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാവില്ലെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും സോബി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സോബിയെ തള്ളി ക്രൈംബ്രാഞ്ച്

അതേസമയം,​ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഫോറൻസിക് പരിശോധന മുതൽ അപകടത്തിന്റെ പുനരാവിഷ്കാരം വരെ നടത്തിയാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. സോബിയുടെ മൊഴി ശരിയല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാ‍ഞ്ച് എത്തിയത്. മാത്രമല്ല,​ സോബിയുടെ മൊഴി തെളിയിക്കാനുള്ള തെളിവുകൾ ഒന്നുംതന്നെ കിട്ടിയില്ലെന്നും ക്രൈംബ്രാ‍ഞ്ച് വ്യക്തമാക്കി. കാറോടിച്ചിരുന്നത് അർജ്ജുൻ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

സി.ബി.ഐ അന്വേഷിക്കുന്നത്

അപകടക്കേസ് സി.ബി.ഐ അന്വേഷിക്കാൻ കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. ഏഴുമാസം തീരുമാനമുണ്ടായില്ല. സ്വർണക്കടത്ത് കേസ് സജീവമായതിനു പിന്നാലെ, കഴിഞ്ഞ ഒമ്പതിന് അപകടമരണവും അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ദുരൂഹതകളും ആരോപണങ്ങളും അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു. ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണന്റെ പ്രത്യേക സംഘവും രൂപീകരിച്ചു.

എഫ്.ഐ.ആർ സമർപ്പിച്ചു

അപകടത്തിൽ ബാലഭാസ്ക‌റിന്റെ ഡ്രൈവർ അർജ്ജുൻ കെ.നാരായണനെ പ്രതിയാക്കി സി.ബി.ഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അമിതവേഗത്തിൽ അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി മരണത്തിനിടയാക്കി എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. കാറോടിച്ചിരുന്നത് താനല്ലെന്നും ബാലഭാസ്കറാണെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിനെ അർജ്ജുൻ സമീപിച്ചിരുന്നു.


സ്വർണക്കടത്ത് ബന്ധം

 കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയോടെ 230 കോടിയുടെ 680 കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയത്. പിടിച്ചത് 25 കിലോ മാത്രം

 കസ്​റ്റംസ് സൂപ്രണ്ടിനെ പ്രകാശൻ തമ്പി പരിചയപ്പെട്ടത് ബാലുവിന്റെ പേര് ഉപയോഗിച്ചാണ്. ഇയാളും വിഷ്ണുവും ചേർന്ന് ദുബായിൽ നിന്ന് 210 കിലോ സ്വർണം കടത്തി

 കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ അമ്മാവന്റെ മകനാണ് പ്രകാശൻ. ബാലുവിന്റെ വിദേശ പരിപാടികളടക്കം നിയന്ത്രിച്ചിരുന്നത് പ്രകാശനാണ്

 ഭക്ഷ്യസംസ്കരണ ഉപകരണങ്ങളുണ്ടാക്കുന്ന വിഷ്‌ണുവിന്റെ കമ്പനിയിൽ ബാലുവിന് 25 ലക്ഷം നിക്ഷേപം. ഡ്രൈവർ അർജുനെ കൊണ്ടുവന്നത് ഇയാൾ

 ബാലുവിന്റെ സൗണ്ട് റെക്കാഡിസ്​റ്റ് അബ്ദുൾ ജബ്ബാർ 17കാരിയർമാരിൽ ഒരാൾ. ട്രൂപ്പിന്റെ വിദേശ പര്യടനങ്ങൾക്കിടെയും സ്വർണം കടത്തിയെന്ന് സംശയം

ബാലു അറിയാതെ ഫ്ളാറ്റ് വാടകയ്ക്കു കൊടുത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വിഷ്ണുവിന് വിരോധം ഉണ്ടായിരുന്നെന്ന് അമ്മാവൻ ബി.ശശികുമാറിന്റെ വെളിപ്പെടുത്തൽ

സി.ബി.ഐയുടെ ദൗത്യം

1. 2018 സെപ്തംബർ 25ന് പള്ളിപ്പുറത്തുണ്ടായ അപകടത്തിന്റെ ചുരുളഴിക്കുക

2. സ്വർണക്കടത്തുകാർക്ക് അപകടത്തിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്തുക

3. അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായ വെളിപ്പെടുത്തലിലെ സത്യം അറിയുക

4. ബാലഭാസ്കർ ജീവിച്ചിരിക്കെ സംഘം സ്വ‌ർണം കടത്തിയോ എന്ന് അന്വേഷിക്കുക

5. ബാലുവിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കുക