വാഷിംഗ്ടൺ: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണ രഹസ്യങ്ങൾ ചോർത്താൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നു എന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബയോടെക് കമ്പനിയായ മൊഡേണ ഇങ്കിനെ ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ചൈനീസ് സർക്കാരിന്റെ അറിവോടെയാണ് ഇതെന്നും അവർ പറയുന്നു. കഴിഞ്ഞയാഴ്ച ചാരപ്രവർത്തനം ആരോപിച്ച് രണ്ട് ചൈനീസ് പൗരന്മാർക്കെതിരെ അമേരിക്ക നടപടിയെടുത്തിരുന്നു. അമേരിക്കയ്ക്കൊപ്പം ചൈനയും കൊവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാനുളള കഠിന പരിശ്രമത്തിലാണ്. അമേരിക്കയുടെ വാക്സിൻ നിർമ്മാണ നടപടികൾ ചൈനയെക്കാൾ ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോർട്ട‌്. സർക്കാരിനൊപ്പം അമേരിക്കയിലെ സ്വകാര്യ കമ്പനികളും വാക്സിൻ നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ്.
ഹാക്കർമാരുടെ ഭീഷണി ശക്തമായതോടെ കമ്പനികളുടെ വെബ്സൈറ്റുകളിൽ ഉൾപ്പെടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തേതന്നെ ചൈനീസ് ഹാക്കർമാർ മരുന്നുനിർമ്മാണ കമ്പനികൾ ഉൾപ്പടെയുളളവരുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് എഫ് ബി ഐയും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റും മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനീസ് സർക്കാരിന്റെ അനുവാദത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും എല്ലാത്തതരത്തിലുളള സൈബർ ആക്രമണങ്ങളെയും തങ്ങൾ എതിർക്കുകയാണെന്നുമാണ് ചൈന പറയുന്നത്. കൊവിഡ് ചികിത്സയിലും പ്രതിരോധ മരുന്ന് നിർമ്മാണത്തിന്റെ കാര്യത്തിലും തങ്ങൾ ലോകത്തെ നയിക്കുന്ന എന്നാണ് ചൈനയുടെ അവകാശവാദം.