ന്യൂയോർക്ക്: ഒപ്പം കിടത്തിയുറക്കിയ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ വെറുതെവിട്ട് കോടതി. മേരിലാൻഡിലാണ് സംഭവം. നാൽപത്തിയെട്ടുകാരിയായ സ്ത്രീ മദ്യപിച്ച ശേഷമാണ് കുട്ടിക്കൊപ്പം കിടന്നത്. രാത്രി കുഞ്ഞിന്റെ ഡയപ്പർ മാറ്റി, മുലപ്പാൽ കൊടുത്ത് ഒരേ കിടക്കയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ ചുണ്ടുകൾ നീലിച്ചിരുന്നു. 2013ലായിരുന്നു സംഭവം.അമ്മയുടെ അരികിൽ ഉറങ്ങുമ്പോൾ ശ്വാസംമുട്ടലുണ്ടായ കുഞ്ഞിനെ ശ്രദ്ധിച്ചില്ലെന്ന് കാണിച്ച് മോറിസണെ കോടതി ശിക്ഷിച്ചിരുന്നു. 20 വർഷത്തെ തടവ് ശിക്ഷയായിരുന്നു കോടതി മോറിസണെതിരെ വിധിച്ചത്.
വിധിക്കെതിരെ അപ്പീൽ നൽകി. നാൽപത്തിയെട്ടുകാരിയുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് വാദിഭാഗം വാധിച്ചു. ഒരു കുട്ടിക്കൊപ്പം ഉറങ്ങുന്നത് കുറ്റകരമാക്കാൻ ജഡ്ജിമാർ തയ്യാറായില്ല.ബിയർ കഴിച്ച് നാലുമാസം പ്രായമുള്ള കുട്ടിയ്‌ക്കൊപ്പം ഒരുമിച്ച് ഉറങ്ങുന്നത് മരണത്തിനോ, ഗുരുതരമായ ശാരീരിക ഉപദ്രവത്തിനോ കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിക്ക് അപ്രതീക്ഷിതമായി പരിക്കേറ്റതിന് മാതാപിതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നത് മറ്റ് മാതാപിതിക്കളിലും ആശങ്കയുണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.
മോറിസൺ അപകടകരമായ രീതിയിൽ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂട്ടർമാർ വാദിച്ചത്.മോറിസൺ തന്റെ ശിശുവിനൊപ്പം ഉറങ്ങുന്നതിന് മുമ്പ് മദ്യപിച്ചിരുന്നുവെന്ന നാല്‌വയസുള്ള ഇവരുടെ മകൾ മൊഴി നൽകിയിരുന്നു.എന്നാൽ ഇത്തരത്തിൽ മക്കൾക്കൊപ്പം ഉറങ്ങുന്നത് തന്റ കുടുംബത്തിന്റെ പാരമ്പര്യമാണെന്ന് മോറിസൺ കോടതിയെ അറിയിച്ചു. കുട്ടിക്കാലത്ത് താൻ അമ്മയ്‌ക്കൊപ്പം ഉറങ്ങിയിരുന്നു, അമ്മയുടെ കുട്ടിക്കാലത്ത് അമ്മ മുത്തശ്ശിക്കൊപ്പവും. തനിക്കറിയാവുന്ന പല അമ്മമാരെയും പോലെ താനും സമാന രീതി പിന്തുടർന്നുവെന്ന് മോറിസൺ കോടതിയെ അറിയിച്ചു.
ഇത്തരത്തിൽ മക്കളെ ഒരുമിച്ച് കിടത്തി ഉറക്കുന്നത് നല്ല കാര്യമാണെന്നും, പകുതിയിലധികം അമ്മമാരും അല്ലെങ്കിൽ 61.4 ശതമാനം അമ്മമാരും അവരുടെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കിടന്നുറങ്ങുന്നതെന്ന് ഒരു സർവെ റിപ്പോർട്ടിൽ പറയുന്നു. കൂട്ടികളെ ഒപ്പം കിടത്തുന്നതിലൂടെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുമെന്ന് ആളുകൾ കരുതുന്നു.