തിരുവനന്തപുരം:സംസ്ഥാനമെങ്ങും വിശ്വാസികൾ കൊവിഡ് 19 ജാഗ്രതയോടെ ബലി പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് നിബന്ധനകൾ പാലിക്കേണ്ടതിനാൽ ഇത്തവണ ഈദ്ഗാഹ് ഉണ്ടായില്ല. പളളികളിലും ഭൂരിഭാഗം വിശ്വാസികളും വീടുകളിലും പെരുനാൾ നമസ്‌കാരം നിർവ്വഹിച്ചു.
ദൈവത്തിനായി സ്വയം ജീവിതം സമർപ്പിച്ച ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും ഓർമ്മപെരുന്നാളാണ് ഈദ് അൽ അദ്‌ഹ എന്ന ബലിപെരുന്നാൾ. വാർദ്ധക്യ കാലത്ത് ലഭിച്ച സന്താനത്തെ തനിക്ക് സമർപ്പിക്കാൻ ഇബ്രാഹിമിനോട് ആവശ്യപ്പെട്ട ദൈവത്തോട് സമർപ്പണ ഭാവത്തോടെ മകനെ നൽകാൻ തയ്യാറായ ഇബ്രാഹിമിന്റെ ത്യാഗ മനസ്സിനെ ഓർമ്മിക്കുന്ന ദിനമാണിത്.
പള്ളികളിൽ പ്രാർത്ഥനക്കെത്തുന്നവർ കൂട്ടം കൂടാൻ പാടില്ലെന്നും തിരക്ക് ഒഴിവാക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണം എന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കർശന നിബന്ധന അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഖുർബാനി, വുളുഹിയത്ത് എന്നീ ചടങ്ങുകൾ നിർവ്വഹിക്കാൻ മതിയായ ശുചിത്വം പാലിക്കാനും മതവിശ്വാസികളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
പളളികളിൽ 10 വയസ്സിന് താഴെയുളളവർക്കും 65 വയസ്സിന് മുകളിലുമുളള വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചില്ല. മാത്രമല്ല തെർമൽ സ്‌ക്രീനിംഗും സാനിറ്റൈസറും പളളിയിലെത്തുന്നവർക്ക് നിർബന്ധമാക്കി.