ലണ്ടൻ: 22 വർഷം മുമ്പ് ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് കടത്തിയ അപൂർവ്വവും വിലമതിക്കാനാവാത്തതുമായ ശിവ വിഗ്രഹം ബ്രിട്ടനിൽ കണ്ടെത്തി. ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 9ാം നൂറ്റാണ്ടിൽ നിർമ്മിച്ച നാലടി ഉയരമുള്ള വെങ്കല ശിവ വിഗ്രഹമാണ് രാജസ്ഥാൻ ബറോളിയിലെ ഗദേശ്വര ക്ഷേത്രത്തിൽ നിന്ന് 1998ൽ മോഷണം പോയത്. നാലടി ഉയരത്തിലുള്ള ആ വിഗ്രഹം കണ്ടെത്തിയത് ലണ്ടനിലെ ധനികനായ പുരാവസ്തു സൂക്ഷിപ്പുകാരന്റെ വീട്ടിൽ നിന്നാണ്.
2005ൽ വിഗ്രഹം ബ്രിട്ടീഷ് അധികൃതർ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഏൽപ്പിച്ചിരുന്നു. മോഷണം പോയ വിഗ്രഹം തിരിച്ചറിയാനായി 2016ൽ ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേ വിഭാഗം വിദഗ്ദ്ധരെ ലണ്ടനിലേക്ക് വിളിപ്പിച്ചു. സംഘം വിഗ്രഹത്തിന്റെ കാലപ്പഴക്കം ഉൾപ്പെടെയുള്ള വിലപ്പെട്ട വിവരങ്ങൾ നിർണയിച്ചു. അപ്പോഴാണ് വിഗ്രഹം ബറോലിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് ഇന്ത്യൻ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്. 2017ലാണിത്. തുടർന്ന് വിഗ്രഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനമായി. സ്ഥിരം കള്ളക്കടത്ത് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
അപൂർവ്വതകളേറെ
ശിവ വിഗ്രഹങ്ങളുടെ പ്രത്യേകതയായി കരുതുന്ന ചതുരവടിവും ജഡാമകുടവും ത്രിനേത്രവും കൊത്തിയ നാലടി വലിപ്പത്തിലുള്ള അപൂർവ്വ വിഗ്രഹമാണിത്. പ്രതിഹാര രീതിയിലാണ് നിർമ്മിതി. ഇതും അപൂർവ്വമാണ്. അതിനാൽ മൂല്യം കണക്കാക്കാനാവില്ല.
തിരിച്ചെത്തുന്ന നാലാമത്തെ വിഗ്രഹം
മോഷ്ടിക്കപ്പെടുന്ന പുരാവസ്തുക്കളെ കണ്ടെത്താനായി ബ്രിട്ടൻ, കാനഡ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഇന്ത്യ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ്.
ഗുജറാത്തിലെ പ്രശസ്ത പൈതൃക കേന്ദ്രമായ റാണീകീവാവ് എന്ന ചരിത്രസ്മാരകത്തിൽ നിന്നും കടത്തിയ ബ്രഹ്മബ്രാഹ്മണി വിഗ്രഹം 2017ൽ തിരിച്ചെത്തിച്ചിരുന്നു. 12ാം നൂറ്റാണ്ടിലെ ബുദ്ധന്റെ വെങ്കല വിഗ്രഹം ലണ്ടനിൽ നിന്നും കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിച്ചു. 17ാം നൂറ്റാണ്ടിലെ നവനീത കൃഷ്ണന്റെ വെങ്കല വിഗ്രഹം, രണ്ടാം നൂറ്റാണ്ടിലെ വെണ്ണക്കല്ലിൽ തീർത്ത തൂൺശിൽപ്പം എന്നിവയും കണ്ടെത്തി അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരികെ എത്തിച്ചിരുന്നു.