train

കൊച്ചി: കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ് പ്രസിൽ യാത്രചെയ്തിരുന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈദ്യുതബോർഡിൽ കരാർ ജീവനക്കാരനായിരുന്നു. മൂന്നുദിവസം മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനിൽക്കാതെ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെത്തിരക്കി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് നാട്ടിലേക്ക് പോയവിവരം അറിയുന്നത്. ഇതാേടെ തൃശൂരിലെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. പക്ഷേ, അപ്പോഴേക്കും ട്രെയിൻ തൃശൂർ വിട്ടിരുന്നു. പിന്നീട് എറണാകുളം നോർത്ത് സ്റ്റേഷനിലാണ് ഇയാളെ ഇറക്കിയത്. ഉടൻതന്നെ കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാൾക്കൊപ്പം കമ്പാർട്ടുമെന്റിലുണ്ടായിരുന്ന മൂന്നുയാത്രക്കാരെ നിരീക്ഷണത്തിലാക്കി. കമ്പാർട്ടുമെന്റ് സീൽ ചെയ്തശേഷം ട്രെയിൻ യാത്ര തുടർന്നു. തിരുവനന്തപുരത്തെത്തിയശേഷം ബോഗികൾ അണുവിമുക്തമാക്കും.