തിരുവനന്തപുരം: ഒരുകാലത്ത് താൻ ആർ എസ് എസ് പ്രവർത്തകനായിരുന്നുവെന്ന് സമ്മതിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. പതിനഞ്ച് വയസുവരെ താൻ ആർ എസ് എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും, എന്നാൽ സങ്കുചിതമായ ദേശീയ ബോധത്തേക്കാൾ മനുഷ്യത്വം എന്ന വിശാല ആശയമാണ് വേണ്ടതെന്ന് ബോധ്യപ്പെട്ടതോടെ സംഘവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് എസ് ആർ പി വ്യക്തമാക്കി.
ശാഖാ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം താൻ വഹിച്ചിരുന്നുവെന്ന ജന്മഭൂമിയിലെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ആശയങ്ങളിൽ ആകൃഷ്‌ടനായതോടെ 18ാം വയസുമുതൽ താൻ പാർട്ടി അംഗമാണെന്നും, 64 വർഷമായി അത് തുടരുകയാണെന്നും എസ് ആർ പി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘചാലക് ആണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടാണ് ജന്മഭൂമിയിലെ ലേഖനം.
'രമേശ് ആർ എസ് എസ് ആയിരുന്നില്ലെങ്കിലും അച്ഛൻ രാമകൃഷ്ണൻ നായർ ആർ എസ് എസിനെ സ്‌നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌ക്കൂളിലെ അദ്ധ്യാപകനായ അദ്ദേഹം ആർഎസ്എസ് കളരിക്കൽ ശാഖയിൽ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസുകാരിയായിരുന്ന രമേശിന്റെ അമ്മ ദേവകിയമ്മ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രഡിഡന്റായിരുന്നകാലത്താണ് സി പി എം ചെന്നിത്തലയിൽ അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. രണ്ട് ആർ എസ് എസ് പ്രവർത്തകരെ വെട്ടിക്കൊന്നുകൊണ്ടായിരുന്നു അത്. കെ എസ് യു കളിച്ചു നടന്ന രമേശിനുനേരെയും അക്കാലത്ത് സി പി എം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ തല്ലാൻ വളഞ്ഞപ്പോൾ, രാമകൃഷ്ണൻ സാറിന്റെ മകൻ എന്ന നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആർ എസ് എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ ആറിയാവുന്ന ആർക്കുമറിയാം.
ഇനി രമേശ് ആർ എസ് എസ് ആയിരുന്നു എങ്കിൽ വല്ലകുഴപ്പവും ഉണ്ടോ. സി പി എമ്മിൽ കൊടിയേരിയേക്കാൾ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളിൽ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ് ആർ പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആർ എസ് എസ് സംസ്‌കാരമാണ്എന്നു പറയുന്നവരുമുണ്ട്. ആർ എസ് എസ് ശാഖയിൽ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രൻ പിള്ള കായംകുളത്ത് ആർ എസ് എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയായിരുപ്പോഴാണ് എസ് ആർ പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവർത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ് ആർ പി സംഘത്തിന്റെ പ്രവർത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുകയും പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്യുകയായിരുന്നു.'- ജന്മഭൂമിയിലെ ലേഖനത്തിൽ നിന്ന്.