arati-dogra

ജയ്‌പൂർ: പ്രതിസന്ധികളിൽ തളർന്നുപോകുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. പരിഹാസങ്ങളും, കുത്തുവാക്കുകളും സഹിക്കാൻ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. അത്തരത്തിലുള്ളവർ കണ്ടുപഠിക്കേണ്ട ഒരു വ്യക്തിയാണ് ആരതി ഡോഗ്ര ഐ.എ.എസ്.

ഇപ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയാണ് ആരതി. ഉയരം വെറും മൂന്നടി അടി ആറ് ഇഞ്ച് മാത്രം. ജനങ്ങളുടെ പ്രശ്നങ്ങൾ അവരോട് ചോദിച്ചറിഞ്ഞ് അവർക്കൊപ്പം നിന്ന് പരിഹരിക്കാനും, ജോലി കൃത്യനിഷ്ഠയോടെ നിർവഹിക്കാനും കർക്കശക്കാരിയായ ആരതി പ്രാപ്തയാണ്.ഈ ചുരുങ്ങിയ പ്രായത്തിനുള്ളിൽ നിരവധി പദവികളും വഹിച്ച ആരതി, തിന്മയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥ കൂടിയാണ്.


ഉത്തരാഖണ്ഡിലെ ഡെഹ്രാഡൂണിലെ വിജയ് കോളനിയിൽ കേണൽ രജേന്ദ്ര ഡോഗ്രയുടെയും അദ്ധ്യാപികയായ കുംകുവിന്റെയും മകളായി 1979 ജൂലൈ 18 നാണ് ആരതി ജനിച്ചത്. വളർച്ച കുറവായിരുന്നതിനാൽ നാട്ടുകാരുടെയും കൂട്ടുകാരുടെയും മുനവച്ച സംസാരങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ ഇതൊന്ംനു ആരതിയെ തളർത്തിയില്ല. ആത്മവിശ്വാസത്തോടെ ഒരു ചെറുപുഞ്ചിരിയോടെ എല്ലാറ്റിനെയും നേരിട്ടു.

ഏകമകളുടെ ന്യൂനത ഉൾക്കൊണ്ട് അവളെ മറ്റുള്ളവരെപ്പോലെ അവളെ പ്രാപ്തയാക്കുക എന്ന് മാതാപിതാക്കൾ ശപഥമെടുത്തു. മറ്റൊരു കൂട്ടി വേണ്ടെന്നും അവർ തീരുമാനിച്ചു. എന്നാൽ ആരതിക്ക് മറ്റുള്ളവരെപ്പോലെ സാധാരണജീവിതം നയിക്കാൻ സാധിക്കില്ലെന്നും, അവളുടെ ആയുസിനുപോലും ഉറപ്പില്ലെന്നും,അതിനാൽ തീരുമാനം മാറ്റണമെന്നും ഡോക്ടർമാർ പറഞ്ഞു. ഇതൊന്നും മാതാപിതാക്കൾ ചെവികൊണ്ടില്ല.

അവൾ വളർന്നു,ഒരുപാട് സ്വപ്നങ്ങളുമായി. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ആരതി, സ്‌കൂൾ പഠനത്തിന് ശേഷം ഡിഗ്രിക്കായി ഡൽഹിയിലേക്ക് ചേക്കേറി. ഇക്കേണോമിക്സിൽ ബിരുദം സ്വന്തമാക്കി വീണ്ടും പോസ്റ്റ് ഗ്രാജുവേഷനായി ഡെറാഡൂണിലെത്തി. അവിടെവച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ മനീഷാ പവാറിനെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി. അവരുടെ പ്രോത്സാഹനമാണ് ആരതിയെ ഐ.എ.എസിലേക്ക് നയിച്ചത്. അതികഠിനമായ പരിശ്രമത്തിലൂടെ 2005 ൽ ആദ്യശ്രമത്തിൽ തന്നെ 56 മത്തെ റാങ്ക് ഐ.എ.എസ് നടിയെടുത്തു.

രാജസ്ഥാൻ കേഡറാണ് തിരഞ്ഞെടുത്തത്. ട്രെയിനിംഗ് പൂർത്തിയാക്കിയശേഷം ഉദയ്പൂരിൽ എ.ഡിഎമ്മായി നിയമിതയായി. അതിനുശേഷം ബൂന്ദി ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി തുടങ്ങി നരവധി പദവികൾ വഹിച്ചു.. 2019 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയാണ്. നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.