whats-app

ഇന്ത്യയിലെ സമൂഹ മാദ്ധ്യമങ്ങളിലെ ഏ‌റ്റവും ജനപ്രീതിയുള‌ളതായതാണ് വാട്‌സ് ആപ്പ്. നിരവധി നല്ല സൗഹൃദങ്ങൾ അതിലൂടെ ഉപയോഗിക്കുന്നവർ‌ക്ക് ലഭിക്കുന്നുമുണ്ട്. അതിനൊപ്പം തന്നെ നിരന്തരം യാതൊരു അടിസ്ഥാനവുമില്ലാത്ത മെസേജുകളും വാട്‌സ് ആപ്പിലൂടെ കൈമാ‌റ്റം ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും ഇവ നമുക്ക് ഒരു താൽപര്യവും തോന്നാത്തതും ശല്യവുമാകാം. അതുപോലെ തന്നെയാണ് തിരക്കുള‌ള സമയത്ത് വരുന്ന ചാ‌റ്റുകളുടെ കാര്യവും. ഇവയിലെ നോട്ടിഫിക്കേഷൻ ശല്യമില്ലാതിരിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പുകൾ മ്യൂട്ട് ചെയ്യാനുള‌ള സംവിധാനം നിലവിലുണ്ട്. എന്നാൽ അത് എട്ട് മണിക്കൂറത്തേക്കോ ഒരാഴ്‌ചത്തേക്കോ, ഒരു വർഷത്തേക്കോ ആണ് നിലവിലുള‌ളത്. എന്നന്നേക്കുമായി ഗ്രൂപ്പ് മെസേജുകൾ മ്യൂട്ട് ചെയ്യാനുള‌ള ഫീച്ചറുമായി വരാൻ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്.

നമുക്ക് ഗ്രൂപ്പ് വിട്ട് പോകാനാകാത്ത ഘട്ടത്തിലും നിരന്തരം ശല്യം മാത്രമുള‌ള ഗ്രൂപ്പുകളിലെ മെസേജുകൾ കാണാതിരിക്കാനും എന്നെന്നേക്കും ഗ്രൂപ്പ് മെസേജുകൾ മ്യൂട്ട് ചെയ്യാനാണ് പുതിയ ഫീച്ചറിലൂടെ സാധിക്കുക. പുതിയ ഫീച്ചർ ഉൾപ്പെടുത്തുമ്പോൾ എട്ട് മണിക്കൂർ,​ ഒരാഴ്‌ച എന്നീ ഒപ്ഷനുകൾക്ക് പിന്നാലെ ആൾവേയ്സ് എന്ന ഓപ്‌ഷനായാണ് എന്നന്നേക്കും മ്യൂട്ട് ചെയ്യാനുള‌ള ഓപ്ഷനുള‌ളത്.

ഇതിലൂടെ താൽപര്യപ്പെടാത്ത ഗ്രൂപ്പിൽ ഒരു വർഷത്തിന് ശേഷം വീണ്ടും മ്യൂട്ട് ആക്കേണ്ട ആവശ്യമില്ല. ഗ്രൂപ്പ് മെസേജുകൾ വീണ്ടും കാണുവാൻ അൺമ്യൂട്ട് ചെയ്യുക മാത്രം മതിയാകും. നിലവിൽ പരീക്ഷണ ഘട്ടത്തിലുള‌ള ഈ ഫീച്ചർ വൈകാതെ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.