തിരുവനന്തപുരം: മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കിളിമാനൂർ സ്റ്റേഷനിൽ സി ഐയും എസ് ഐയും അടക്കം മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലായി. മറ്റുസ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ ഇവിടേക്ക് നിയോഗിച്ച് സ്റ്റേഷൻ പ്രവർത്തനം സുഗമമാക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. നേരത്തേ ഈ സ്റ്റേഷനിൽ അറസ്റ്റിലായ മോഷണക്കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 85 ആയെന്ന് ഡി ജി പി ലോക് നാഥ് ബെഹ്റ അറിയിച്ചു. കൂടുതൽ പേരിലേക്ക് രോഗം ബാധിക്കാതിരിക്കാനായുളള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തലസ്ഥാനത്ത് തീരദേശ ക്ളസ്റ്ററുകൾക്ക് പുറത്തേക്ക് കൊവിഡ് പടരുകയാണ്. കിളിമാനൂരിൽ കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതും ഡോക്ടർമാർക്കുൾപ്പടെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നതും കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.