1. തിരുവനന്തപുരം ശ്രീചിത്ര ആശുപ്ത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയ ചികിത്സ വാര്‍ഡിലെ ഒരു രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷ്റഫിനും കൊവിഡ് സ്ഥിരീകരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 29 തിയതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 53 വയസായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കേരളത്തില്‍ കൊവിഡ് മരണസംഖ്യ ഉയരുകയാണ്. അതിനിടെ, കൊല്ലം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉളളയാള്‍ ഓഫീസില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ ആണ് കളക്ടര്‍ വീട്ടു നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ച് ഇരിക്കുന്നത്. കളക്രേ്ടറ്റിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കും.
2. അതേസമയം, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസില്‍ കൊവിഡ് പൊസിറ്റീവ് ആയ ആള്‍ യാത്ര ചെയ്തു. കോഴിക്കോട്ടു നിന്നാണ് ട്രെയിനില്‍ കയറിയത്. കൊവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. പൊസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. കൊവിഡ് പൊസിറ്റീവ് ആയ ആള്‍ യാത്ര ചെയ്‌തെന്ന് തിരിച്ചറിഞ്ഞതോടെ ട്രെയിനിലെ ആ കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ഒപ്പമുണ്ടായിരുന്ന 3 പേരെ ഇവിടെ നിന്ന് മാറ്റി. ട്രെയിന്‍ യാത്ര തുടരുകയാണ്. തിരുവനന്തപുരത്ത് എത്തി അണുവിമുക്തം ആക്കും.
3. കൊവിഡിന്റെ വ്യാപനം കണക്കില്‍ എടുത്ത് നിറുത്തിവെച്ച കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുനരാരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നാളെ 206 ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. കൊവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുക. കൊവിഡ് കാലത്തേക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പ്രത്യേക നിരക്കിലാണ് സര്‍വീസ് നടത്തുക. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തില്‍ ആണ് നഷ്ടമാണെങ്കില്‍ കൂടിയും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ തീരുമാനിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.
4. ഒരുകാലത്ത് താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് സമ്മതിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. അഞ്ച് വയസുവരെ താന്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നും, എന്നാല്‍ സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് വേണ്ടതെന്ന് ബോധ്യപ്പെട്ടതോടെ സംഘവും ആയുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് എസ്.ആര്‍.പി വ്യക്തമാക്കി. ശാഖാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം താന്‍ വഹിച്ചിരുന്നു എന്ന ജന്മഭൂമിയിലെ ലേഖനത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഇടത് ആശയങ്ങളില്‍ ആകൃഷ്ടനായതോടെ 18ാം വയസുമുതല്‍ താന്‍ പാര്‍ട്ടി അംഗമാണെന്നും 64 വര്‍ഷമായി അത് തുടരുക ആണെന്നും എസ്.ആര്‍.പി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിന് ഉള്ളിലെ സര്‍ സംഘചാലക് ആണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിച്ചു കൊണ്ടാണ് ജന്മഭൂമിയിലെ ലേഖനം.
5. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് നേരത്തേ ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ചോദ്യം ചെയ്തത്. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യം ചെയ്തശേഷം അദ്ദേഹത്തെ വിട്ടയച്ചു. വര്‍ഷങ്ങളായി ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കുന്നത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.
6. അതിനിടെ ഇന്നലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുളള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ സി.ആപ്റ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സീല്‍ഡ് കവറുകള്‍ അടക്കം ചില പാഴ്സലുകള്‍ സി.ആപ്റ്റിലും, ഇവിടെ നിന്ന് സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തും എത്തിച്ചതായി വിവരം കിട്ടിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് കസ്റ്റംസ് പരിശോധന. ഉച്ചയോടെ സി.ആപ്റ്റിന്റെ വട്ടിയൂര്‍ക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
7. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്നലെയും മിക്ക ജില്ലകളിലും കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
8. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അതിതീവ്ര മഴ പ്രവചിച്ചിട്ടില്ല എങ്കിലും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടല്‍ പ്രക്ഷുബ്ധം ആയതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. ഓഗസ്റ്റ് മൂന്ന് വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശമുണ്ട്.