covid

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർ ചികിത്സയ്ക്ക് പണം നൽകണം. ഇതോടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് പരിധിയിൽ കവിഞ്ഞ നിരക്ക് ഈടാക്കാനാകും. സർക്കാർ റഫർ ചെയ്യുന്നവർക്ക് ചികിത്സ സൗജന്യമാണ്. കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇൻഷുറൻസ് എന്നിവ ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യം ലഭിക്കും. അതേസമയം സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് ((കെ.എ.എസ്.പി)കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സർക്കാർ സംവിധാനത്തിൽ നിന്നും ചികിത്സക്കായി റഫർ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവും മാർഗ നിർദേശങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ.) പുറത്തിറക്കിയ മാർഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ അംഗങ്ങളാക്കി വരുന്നതായും കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും വ്യക്തമാക്കുന്നു.

താഴെ പറയുന്ന സർക്കാർ നിരക്കിൽ വിവിധ കൊവിഡ് പരിശോധനകൾ തിരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളിൽ ചെയ്യാവുന്നതാണ്. ജനറൽ വാർഡ് - 2300 രൂപ, എച്ച്.ഡി.യു. - 3300 രൂപ, ഐ.സി.യു. - 6500 രൂപ, ഐ.സി.യു. വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ - 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ.

ഇതിനു പുറമെ പി.പി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്. ആർ.ടി.പി.സി.ആർ ഓപ്പൺ - 2750 രൂപ, ആന്റിജൻ ടെസ്റ്റ് - 625 രൂപ, എക്‌സ്‌പേർട്ട് നാറ്റ് - 3000 രൂപ, ട്രൂ നാറ്റ് (സ്‌റ്റെപ്പ് 1) - 1500 രൂപ, ട്രൂ നാറ്റ് (സ്‌റ്റെപ്പ് 2) - 1500 രൂപ.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന ആരോഗ്യ ഏജൻസിയും പദ്ധതിയിൽ ഉൾപ്പെടാത്ത സർക്കാർ സംവിധാനം റഫർ ചെയ്യുന്ന കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് കേരള സർക്കാരുമാകും വഹിക്കുക.

 
whatsapp
facebook
twitter
messenger
sharethis