pinarayi

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചൊവാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഭരണ ചുമതല ഏറ്റെടുത്തപ്പോൾ ' ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ' ജീവനക്കാരെ ഓർമ്മിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി പറഞ്ഞത് പ്രകാരമാണെങ്കിൽ, ഇങ്ങനെയുള്ള ഒന്നര ലക്ഷത്തിലേറെ ജീവിതമാണ് സർക്കാരിന്റെ ദയ കാത്ത് സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുന്നത്.

കൊവിഡ് കാലത്ത് ഫയലുകൾ നീങ്ങുന്നത് മന്ദഗതിയിലായത് പല പദ്ധതികളെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പുകൾ കൂടി അടുത്തു വരുന്ന സാഹചര്യത്തിൽ കെട്ടികിടക്കുന്ന എല്ലാ ഫയലുകളും ഉടനടി തീർപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകും. ഫയലുകൾ തീർപ്പാക്കുന്നതിന് നിശ്ചിത കാലാവധി പ്രഖ്യാപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു.

കഴിഞ്ഞ വർഷം പരിഗണനക്കെത്തിയ എല്ലാ ഫയലുകളിലും ഉടൻ തീർപ്പ് ഉണ്ടാക്കുമെന്ന് ആഗസ്റ്റിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനായി തീവ്രയജ്ഞ പരിപാടിയും പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 1 മുതൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ നേരിയ ഫലം കണ്ടതൊഴിച്ചാൽ സെക്രട്ടേറിയറ്റിലെ ഫയൽ കൂമ്പാരം പഴയപടി തന്നെ അവശേഷിക്കുകയായിരുന്നു.

കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ് തീവ്രയജ്ഞം സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി എല്ലാ വകുപ്പുകളിലും അദാലത്തുകളും അവലോകന യോഗങ്ങളും സംഘടിപ്പിച്ചു. പ്രതിമാസം 45,000 ഫയലുകളിൽ തീർപ്പുകൾ ഉണ്ടാക്കിയിരുന്ന സ്ഥാനത്ത്, തീവ്ര ഫയൽ യജ്ഞം പ്രഖ്യാപിച്ചതോടെ പ്രതിമാസം അറുപതിനായിരത്തോളം ഫയലുകളിൽ തീർപ്പുണ്ടാക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ പാളി. തീവ്ര ഫയൽ യജ്ഞം പ്രഖ്യാപിക്കുമ്പോൾ രണ്ട് ലക്ഷത്തിൽപരം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കെട്ടിക്കിടന്നിരുന്നത്.