ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ ഹൈക്കമാൻഡാണ് അവസാന വാക്ക്. അവിടെ ഒരുകാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കും. പാർട്ടി അദ്ധ്യക്ഷനെ ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെടില്ല. എന്നാൽ ഇതെല്ലാം പഴങ്കഥ. ഇന്ന് ഹൈക്കമാൻഡിന് പഴയ പവറില്ല. ചെറുനേതാക്കൾ പോലും ഹൈക്കമാൻഡിനെയും മുതിർന്ന നേതാക്കളെയും ചോദ്യം ചെയ്യുന്നു. കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടതോടെയാണ് പാർട്ടിയുടെ പിടി അയഞ്ഞുതുടങ്ങിയത്. അതിപ്പോൾ ഒട്ടുമില്ലാത്ത അവസ്ഥയായി.
കഴിഞ്ഞദിവസം സോണിയാഗാന്ധി വിളിച്ചുചേർത്ത കോൺഗ്രസ് എം പിമാരുടെ യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷമായ വിവർശനമാണ് ഉയർന്നത്. പാർട്ടിയുടെ ഇന്നത്തെ ദയനീയാവസ്ഥയ്ക്ക് കാരണം മൻമോഹൻ സിംഗ് ഉൾപ്പടെയുളള മുതിർന്ന നേതാക്കളാണെന്നായിരുന്നു പ്രധാന വിമർശനം. യോഗത്തിൽ മൻമോഹൻ അടക്കമുളള നേതാക്കൾ ഉണ്ടായിരുന്നെങ്കിലും ആരും വിമർശനത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. തങ്ങൾ പറഞ്ഞതെല്ലാം സത്യമാണെന്നതിന് തെളിവാണ് നേതാക്കളുടെ മൗനമെന്നാണ് വിമർശനമുന്നയിച്ചവർ പറയുന്നത്.
പാർട്ടിയുടെ അപചയത്തിന്റെ ധാർമിക ഉത്തരവാദിത്വം മുതിർന്ന നേതാക്കൾ സ്വയം ഏറ്റെടുക്കണമെന്നും ഇങ്ങനെ പോവുകയാണെങ്കിൽ അധികം വൈകാതെ പാർട്ടി പൂർണമായും ഇല്ലാതാവും എന്നും ചിലർ പറഞ്ഞു.
രാഹുൽ ടീമിലെ അംഗങ്ങളാണ് മുതിർന്ന നേതാക്കൾക്കെതിരെ വിമർശനമുന്നയിച്ചതിൽ കൂടുതലെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാർട്ടിയെ ഇപ്പോഴത്തെ ദയനീവാസ്ഥയിൽ നിന്ന് കരകയറ്റി ദേശീയ തലത്തിൽ ശക്തമാക്കാനുളള നടപടികൾ രാഹുൽഗാന്ധി സ്വീകരിച്ചിരുന്നു. സച്ചിൻ പൈലറ്റ്, ജ്യോതിരാധിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളെ ഉയർത്തിക്കൊണ്ടുവന്നതുതന്നെ ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും പാർട്ടി അധികാരം പിടിച്ചതോടെ ഈ നടപടികൾ ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതോടെ രാഹുൽ ഗാന്ധി പാർട്ടിയിലെ പദവി ഉപേക്ഷിച്ചു. ഇതോടെയാണ് വൃദ്ധബ്രിഗേഡുകൾ വീണ്ടും പാർട്ടിയിൽ പിടിമുറുക്കിത്തുടങ്ങിയത്. അതോടെ യുവനേതാക്കളുടെ കഷ്ടകാലവും തുടങ്ങി. പലരും പാർട്ടിവിട്ട് ബി ജെ പിയിലെത്തി. സച്ചിൻ പൈലറ്റിനപ്പോലുളള ചുരുക്കം ചിലർ ഇപ്പോഴും പൊറുതി നിൽക്കുന്നു.
അധികാരത്തിന്റെ ശീതളിമയിൽ വിരാജിക്കാനാണ് വൃദ്ധനേതാക്കളിൽ കൂടുതൽപേർക്കു താത്പര്യമെന്നാണ് യുവനേതാക്കളിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ മുതിർന്ന നേതാക്കൾ ഒന്നും ചെയ്യുന്നില്ല. ചുരുക്കം ചിലർക്കുമാത്രമാണ് പാർട്ടിയുടെ സ്ഥിതിയിൽ വിഷമമുളളത്. അതവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തനിക്കുശേഷം പ്രളയമെന്നാണ് പലരുടെയും വിചാരം- യുവതുർക്കികൾ ആരോപിക്കുന്നു.
രാഹുൽ ഗാന്ധിയെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുളള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. വമ്പിച്ച ഇമേജുമായി നിൽക്കുന്ന നരേന്ദ്രമോദിയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ രാഹുലിന് മാത്രമേ കഴിയൂ എന്നാണ് യുവനേതാക്കളിൽ ഭൂരിപക്ഷവും കരുതുന്നത്. ഒപ്പം സംസ്ഥാന തലങ്ങളിലുൾപ്പടെ കരുത്തരായ രണ്ടാം നിര നേതാക്കളെ ഉയർത്തിക്കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടുന്നു.