വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ച ആദ്യ നായ ചത്തു. രോഗബാധയുടെ വിവിധ ലക്ഷണങ്ങളുമായി പൊരുതിയ ശേഷമാണ് നായ കൊവിഡിന് കീഴടങ്ങിയതെന്ന് നാഷണൽ ജോഗ്രഫിക് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏപ്രിലിലാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ബഡ്ഡി എന്ന ഏഴുവയസുകാരൻ നായയ്ക്ക് കൊവിഡ് പോസിറ്റീവായത്. ഈ സമയത്ത് ബഡ്ഡിയുടെ ഉടമ റോബർട്ട് മഹോനെയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ, പിന്നീട് രോഗമുക്തി നേടി.
കടുത്ത മൂക്കൊലിപ്പും ശ്വാസംമുട്ടും ബഡ്ഡിക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നായയുടെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. ജൂലായ് 11 ഓടെ ബഡ്ഡി കട്ടപിടിച്ച രക്തം ഛർദ്ദിക്കാൻ തുടങ്ങി. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. നായയ്ക്ക് നടക്കാൻ പോലും കഴിയാതായി. എന്നാൽ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ ഭയം കാരണം മൃഗഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ലെന്നും റോബേർട്ട് മഹോനെയ് പറഞ്ഞു. അവസാനം ഒരു ക്ലിനിക്കിൽ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു.
അമേരിക്കയിൽ ഇതുവരെ 12 നായ്ക്കൾക്കും 10 പൂച്ചകൾക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്.