swami

ലഖ്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപണവുമായി സന്യാസി. ദളിത് വിഭാഗത്തിൽ നിന്നുള‌ള ഒരേയൊരു മഹാമണ്ഡലേശ്വരനായ സ്വാമി പ്രഭുനന്ദൻ ഗിരിയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയോദ്ധ്യ ഭൂമിപൂജയിൽ 200 സന്യാസിമാർക്കാണ് ക്ഷണം. ഇതിൽ താനില്ല. മാത്രമല്ല ദളിത് വിഭാഗക്കാരനായ ഒരു സന്യാസിയും ഇക്കൂട്ടത്തിലില്ലെന്നും സ്വാമി പ്രഭുനന്ദൻ ഗിരി ആരോപിച്ചു.

ആഗസ്‌റ്റ് 5ന് അയോദ്ധ്യയിൽ ബാബറി മസ്‌ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം നിർമ്മിക്കാനുള‌ള ഭൂമിപൂജ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.രാമക്ഷേത്ര നിർമ്മാണത്തിനായുള‌ള ട്രസ്‌റ്റിൽ ഒരു ദളിത് അംഗവുമില്ലെന്നും സ്വാമി പ്രഭുനന്ദൻ ഗിരി പറഞ്ഞു. താഴ്‌ന്ന വിഭാഗത്തിൽ പെട്ടവരുടെ ഉയർച്ചയ്‌ക്കാണ് ശ്രീരാമൻ പ്രവർത്തിച്ചതെന്ന് രാമായണത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അഖില ഭാരതീയ അഖാഡ പരിഷത് എന്ന സന്യാസിമാരുടെ ഉന്നത സമിതിയിലുള‌ള ഏക ദളിത് അംഗമാണ് സ്വാമി പ്രഭുനന്ദൻ ഗിരി.

എന്നാൽ സ്വാമിയുടെ ആരോപണങ്ങളെ പരിഷത് അദ്ധ്യക്ഷൻ മഹന്ദ് നരേന്ദ്രഗിരി തള‌ളിക്കളഞ്ഞു. ഒരാൾ സന്യാസിയാകുമ്പോൾ അയാൾക്ക് ജാതി ഇല്ലാതാകുകയാണ്. പരിഷതിന് എല്ലാം സന്യാസിമാരും തുല്യരാണെന്ന് മഹന്ദ് നരേന്ദ്രഗിരി പ്രതികരിച്ചു.

അതേസമയം ഭൂമിപൂജയിൽ പങ്കെടുക്കുന്ന സന്യാസിമാർക്കൊപ്പം പിന്നാക്ക സമുദായങ്ങളിലുള‌ളവരും ഉള‌ളത് നല്ലതാണ് എന്ന് ബിഎസ്‌പി നേതാവ് മായാവതി പറഞ്ഞു. സന്യാസിയുടെ ആരോപണങ്ങളോട് പ്രതികരിച്ചു മായാവതി. എന്നാൽ ദളിത് സമുദായങ്ങൾ അവഗണനകൾ നേരിടുന്നതിന് പകരം പ്രവൃത്തിയിലൂടെ അവ മറികടക്കുകയാണ് വേണ്ടതെന്ന് മായാവതി പറഞ്ഞു.