കൊവിഡിൽ നിന്ന് രക്ഷനേടാൻ വീട്ടിനകത്തിരുന്ന് തലകുത്തനെ ആലോചിക്കുന്നവരുണ്ട്. ഇത് ഇവിടത്തെ മാത്രമല്ല,ലോകത്താകമാനമുളള ചിന്തയാണ്. വീട്ടിനകത്തു കഴിഞ്ഞുകൂടുക എന്നതാണ്
ഏറ്റവും നല്ല പ്രതിരോധ മാർഗം. എന്നാൽ പുറത്തിറങ്ങിയേ പറ്റൂ എന്നുളള സാഹചര്യങ്ങളിൽ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ ഒരു പരിധി വരെ വൈറസിനെ പടിക്കുപുറത്ത് നിർത്താം.
സുരക്ഷിതമായി എങ്ങനെ തെരുവിലേക്കിറങ്ങാം എന്ന ചിന്തയിൽ ആസ്ട്രേലിയൻ നഗരമായ ബെൽഗ്രേവിൽ ഒരാൾ ഒരു ഉപായം കണ്ടെത്തി. ഒരു വലിയ ബബിൾ (പോള) ഉണ്ടാക്കുക എന്നിട്ട് അതിന്റെ അകത്തുകയറി തെരുവിലിറങ്ങുക. തലയിലുദിച്ച ഐഡിയ കക്ഷി വേഗം പ്രവർത്തിക്കാമാക്കി. വാട്ടർ സ്പോർട്ടുകളിൽ മറ്റും ഉപയോഗിക്കുന്ന ബബിൾ വാങ്ങി അതിന്റെ അകത്തു കയറി നഗരത്തിലൂടെ നടക്കാനിറങ്ങി. കൊവിഡിൽ നിന്ന് സംരക്ഷണത്തോടൊപ്പം കാണുന്നവർക്ക് ചിരിക്കാനുള്ള വകയും ഈ വിദ്വാന്റെ ബെൽഗ്രേവിലെ നടത്തത്തിലൂടെ ഒരുക്കി. ജാനൈൻ റിഗ്ബി എന്നയാളാണ് 33 സെക്കന്റ് ദൈർഘ്യമുളള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബബിളിനകത്തു കയറി
റോഡിന് നടുവിലൂടെ നടന്നുനീങ്ങുന്ന വ്യക്തിയുടെ വീഡിയോ പെട്ടെന്ന് വൈറലായി. 1.5 ലക്ഷത്തിലധികം വ്യൂസും 2000ൽ അധികം കമന്റ്സും വാരിക്കൂട്ടിയ വീഡിയോ കൊവിഡ് കാലത്തും പലരുടെയും മുഖത്ത് ചിരി പടർത്തി.