തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല. കൊവിഡ് പെരുമാറ്റച്ചട്ടത്തോടെ വോട്ടെടുപ്പ് ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തിൽ നടത്താനാണ് തീരുമാനം. 65 കഴിഞ്ഞവർക്ക് വോട്ടു ചെയ്യാനായി ഓർഡിനൻസ് പുറപ്പെടുവിക്കും. പുതുക്കിയ വോട്ടർ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.
കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ അറിയിച്ചു.
അതേസമയം 65വയസ് കഴിഞ്ഞവർക്ക് പോസ്റ്റൽ/ പ്രോക്സി വോട്ട് അനുവദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ 75 കഴിഞ്ഞവർക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവർക്ക് വോട്ടുചെയ്യാൻ എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ആരോഗ്യവിദഗ്ദ്ധരുമായുള്ള ചർച്ച പുരോഗമിക്കുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.