pakistan

കാബൂൾ: പാക് സൈന്യത്തിന്റെ പീരങ്കി ആക്രമണത്തിൽ പതിനഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതോടെ അതിർത്തിയിൽ അഫ്ഗാൻ സൈന്യം ജാഗ്രത കൂടുതൽ ശക്തമാക്കി. ചാമൻ- സ്പിൻ ബോൾഡ് അതിർത്തിയിൽ പാക് അഫ്ഗാൻ സൈനികർ തമ്മിലുളള ഏറ്റുമുട്ടലിനെ തുടർന്നാണ് ആക്രമണമുണ്ടായതാണെന്നാണ് റിപ്പോർട്ട് . നിരവധി പേർക്ക് പരിക്കേറ്റു. ബലിപ്പെരുന്നാൾ ആഘോഷത്തിനായി ഇരുരാജ്യങ്ങളിലേക്കും പ്രവേശിക്കാൻ നിരവധിപേർ കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. ഇതാണ് മരണസംഖ്യ ഉയർത്തിയത്. പാക് സൈന്യം അഫ്ഗാനിൽ റോക്കറ്റാക്രമണം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

പാക് ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാന്റെ പ്രദേശങ്ങളിൽ ആക്രമണം തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പാക് അധികൃതർ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നാണ് പാക് അധികൃതർ വ്യക്തമാക്കുന്നത്.

നേരത്തേ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ പഴയതുപോലല്ല. താലിബാൻ തീവ്രവാദികളെ പാകിസ്ഥാൻ പിന്തുണയ്ക്കുവെന്ന് അഫ്ഗാനിസ്ഥാൻ വർഷങ്ങളായി ആരോപിക്കുകയാണ്. എന്നാൽ ഇതെല്ലാം നിഷേധിക്കുന്ന പാകിസ്ഥാൻ സർക്കാരിനെതിരെ പോരാടുന്ന തീവ്രവാദികൾക്ക് അഫ്ഗാൻ ചെല്ലും ചെലവും കൊടുക്കുകയാണെന്ന് ആക്ഷേപം ഉന്നയിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ അതിർത്തിയിൽ സംഘർഷവും പതിവാണ്.