വിയറ്റ്നാം: വിയറ്റ്നാമിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പേഷ്യന്റ് 428 എന്ന സെൻട്രൽ ഹോയ് ആൻ സിറ്റിയിലെ 70കാരനാണ് മരിച്ചത്. ഏപ്രിലിന് ശേഷം ആദ്യമായി വിയറ്റ്നാമിൽ ഒരു കൊവിഡ് കേസ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് കേന്ദ്രമായ ഡനാംഗ് നഗരത്തിൽ ആയിരുന്നു. ജൂലായ് 29ന് ഹാനോയിൽ ഒരു പോസിറ്റീവ് കേസും ഹോചിമിൻ സിറ്റിയിൽ രണ്ട് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്ന് ഇവിടെ 45 പുതിയ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായി വിയറ്റ്നാം ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡിനെ ചെറുക്കാനുള്ള ശക്തമായ പ്രതിരോധപ്രവർത്തനങ്ങളുടെ പേരിൽ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. പി.പി.ഇ കിറ്റുകളും മറ്റും വിവിധ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചും വിയറ്റ്നാം മാതൃക സൃഷ്ടിച്ചിരുന്നു. തലസ്ഥാനമായ ഹാനോയിൽ വ്യാപക കൊവിഡ് പരിശോധന തുടങ്ങി. ബാറുകളും നൈറ്റ് ക്ലബ്ബുകളും അടച്ചുപൂട്ടി. വലിയ ആൾക്കൂട്ടങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ആഭ്യന്തര യാത്രക്കാരോട് അധികൃതർക്ക് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. 45 രോഗികളെയും ഡനാംഗിലെ മൂന്ന് ആശുപത്രികളിലും രണ്ട് ക്ലിനിക്കുകളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വിയറ്റ്നാം വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറഞ്ഞു.
കൊവിഡിനെ ആദ്യ ഘട്ടത്തിൽ നിയന്ത്രിക്കാനായതോടെ വിയറ്റ്നാം പെട്ടെന്ന് തന്നെ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മാസ്ക് ഉപയോഗം കുറയുകയും ആഭ്യന്തര യാത്രകൾ വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തിരുന്നു. ഇത് വീണ്ടും കേസുകൾ വരാൻ കാരണമായിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.