തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിഭവൻ വൃദ്ധ സദനത്തിൽ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൃദ്ധസദനത്തിലെ ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. രോഗ ഉറവിടം സംബന്ധിച്ച വ്യക്തത ഇതുവരെ വന്നിട്ടില്ല. രോഗം സ്ഥിരീകരിച്ച 35 പേരേയും ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പുല്ലുവിള ക്ലസ്റ്ററിലെ കൊച്ചുതുറയിലാണ് ശാന്തിഭവൻ വൃദ്ധസദനം സ്ഥിതി ചെയ്യുന്നത്. ക്ലസർ ആയതിനാൽ തന്നെ പ്രായമായവരിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്താനായത്.
നേരത്തെ ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയുടെ ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ എസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഐയുടെ ഭാര്യയ്‌ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറാണ് കൊവിഡ് ബാധിച്ച എസ്.ഐ. കൊവിഡ് സ്ഥിരീകരിച്ചവരെ സി.എഫ്.എൽ.റ്റി.സിയിലേക്ക് മാറ്റും. പേരൂർക്കട എസ്.എ.പി ക്വാർട്ടേഴ്സിലാണ് എസ്.ഐ താമസിക്കുന്നത്. ഇദ്ദേഹം കാട്ടാക്കട സ്വദേശിയാണ്.
കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് പൊലീസുകാർക്ക് കൊവിഡ് ബാധിച്ചിരുന്നു. മോഷണക്കേസിലെ പ്രതിക്ക് ഇവിടെ രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസുകാർക്ക് പരിശോധന നടത്തിയത്. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് കിളിമാനൂർ സ്റ്റേഷൻ പ്രവർത്തിപ്പിക്കും.