തിരുവനന്തപുരം : കൊവിഡ് മഹാമാരിയുടെ പേരിൽ പെരുന്നാളാഘോഷം പലർക്കും ചടങ്ങുമാത്രമായപ്പോൾ ഇന്ത്യൻ അത്‌ലറ്റ് എം.പി ജാബിറിന് പക്ഷേ അത് സ്വർണ നിറമുള്ള സന്തോഷമായിരുന്നു. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ജാബിർ നേടിയിരുന്ന വെള്ളിമെഡൽ സ്വർണമായി ഉയർത്തപ്പെടും എന്ന വാർത്ത പെരുന്നാൾ ദിനത്തിന് തൊട്ടുമുമ്പാണ് ജാബിറിനെത്തേടിയെത്തിയത്.
നേപ്പാളിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിരുന്ന പാകിസ്ഥാനി താരം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് ജാബിറിന് ഒന്നാമനാകാൻ വഴി തെളിഞ്ഞത്. ആദ്യ സാമ്പിളിൽ പരാജയപ്പെട്ട പാക് താരം രണ്ടാം സാമ്പിൾ പരിശോധനയ്ക്ക് അപ്പീൽ നൽകുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് ജാബിന് മെഡലുയർച്ച ഉറപ്പായത്. ഇക്കാര്യത്തിൽ സൗത്ത് ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെയും അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും ഒൗദ്യോഗിക അറിയിപ്പ് ഉടൻ ലഭിക്കും.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ 400 മീറ്റർ ഹർഡിൽസിൽ സെമിഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് മലപ്പുറം മഞ്ചേരി പന്തല്ലൂർ സ്വദേശിയായ ജാബിർ. കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ജാബിർ ചരിത്രം കുറിച്ചത്. 2017ൽ ഭുവനേശ്വറിലും 2019ൽ ദോഹയിലും നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയിട്ടുണ്ട്.
പന്തല്ലൂർ സ്കൂളിലെ വി.പി. സുധീർ, തവനൂരിലെ എം.വി അജയൻ, കോട്ടയം സ്പോർട്സ് ഹോസ്റ്റലിലെ വിനയചന്ദ്രൻ എന്നിവരാണ് ജാബിറിലെ പ്രതിഭയെ മാറ്റുരച്ചെടുത്തത്. ഇന്ത്യൻ ക്യാമ്പിൽ ഗലീന ബുഖാരിനയ്ക്ക് കീഴിൽഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനം നടത്തിവരികയായിരുന്നു. 2015ൽ നേവിയിൽ ജോലിക്ക് ചേർന്ന ജാബിർ ഇപ്പോൾ കൊച്ചി സതേൺ നേവൽ കമാൻഡിൽ ചീഫ് പെറ്റി ഒാഫീസറാണ്.
നല്ല ദിവസം നല്ല വാർത്ത കേൾക്കാൻ കഴിഞ്ഞത് സന്തോഷകരമാണ്. ഒൗദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുന്നു.
- ജാബിർ