tr

വാഷിംഗ്ടൺ: കൊവിഡ് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിൽ നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വോട്ടിംഗിൽ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങള്‍ക്ക് ശരിയായി, സുരക്ഷിതമായി വോട്ട് ചെയ്യാനാകുന്നത് വരെ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നാണ് ട്വീറ്റ് ചെയ്തത്.
'യൂണിവേഴ്സൽ മെയിൽ ഇൻ വോട്ടിംഗിലൂടെ (തപാൽ വോട്ടിംഗ്), 2020 ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും സാക്ഷ്യം വഹിക്കുക. ഇത് അമേരിക്കയ്ക്ക് വലിയ നാണക്കേടാണ്," - ട്രംപ് ട്വീറ്റ് ചെയ്തു.

അടുത്തകാലത്തുണ്ടായിട്ടുള്ള എല്ലാ സർവേകളിലും ട്രംപ് , എതിർ സ്ഥാനാർത്ഥി ജോ ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റ് പ്രസ് സർവേയും ട്രംപിന് തിരിച്ചടിയാണ്.

നിർദ്ദേശം തള്ളി റിപ്പബ്ളിക്കൻ പാർട്ടി

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ട്രംപിന്റെ നിർദ്ദേശത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. പാർട്ടിയുടെ സെനറ്റിലെ നേതാവ് മിച്ച് മെക്കോണലും ജനപ്രതിനിധി സഭയിലെ നേതാവ് കെവിന്‍ മെക്കാർത്തിയുമാണ് ട്രംപിന്റെ നിർദ്ദേശത്തെ തള്ളിയത്. സാമ്പത്തിക രംഗത്തെ കനത്ത തിരിച്ചടി മറച്ചുവയ്ക്കാൻ ബോധപൂർവം ഉണ്ടാക്കുന്ന ശ്രമമാണിതെന്നാണ് ആരോപണം. അമേരിക്കൻ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 32.9 ശതമാനമായി ചുരുങ്ങിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.