
' സോഡിയാക് കില്ലർ ' അമേരിക്കൻ കുറ്റാന്വേഷക വിദഗ്ദ്ധരെ ഇത്രയധികം വിറപ്പിച്ച ഒരു സീരിയൽ കില്ലർ വേറെയില്ല. എഫ്.ബി.ഐ അടക്കമുള്ള ഏജൻസികൾ തലങ്ങും വിലങ്ങും അരിച്ചു പെറുക്കിയെങ്കിലും സോഡിയാക് എന്ന അജ്ഞാതൻ ആരാണെന്ന് ഇതേവരെ കണ്ടെത്താനായിട്ടുമില്ല.
കൊല നടത്തിയ ശേഷം അയാൾ തന്റെ കത്തുകളിലൂടെയും ഫോൺകോളുകളിലൂടെയും പൊലീസിനും പത്രങ്ങൾക്കും തെളിവ് അങ്ങോട്ട് നൽകി. എന്നിട്ടും സാൻസ്‌ഫ്രാൻസിസ്കോ നഗരത്തെ മുൾമുനയിൽ നിറുത്തിയ സോഡിയാക് എന്ന കൊലയാളിയെ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.
സോഡിയാകിന്റെ കത്തുകൾക്കെല്ലാം പൊതുവായ ഒരു പ്രത്യേകത ഉണ്ടായിരുന്നു. സന്ദേശത്തിന്റെ അവസാനം വൃത്തത്തിനുള്ളിൽ കുരിശ് രൂപത്തോട് കൂടിയ ഒരു ചിഹ്നം. ! അതായിരുന്നു അയാളുടെ ഒപ്പ് ! ആ ചിഹ്നത്തിൽ നിന്നുമാണ് അജ്ഞാതനായ ആ കൊലയാളിക്ക് 'സോഡിയാക് ' എന്ന പേര് ലഭിച്ചത്.

സോഡിയാകിന്റെ കത്തുകൾ വെറും സാധാരണ കത്തുകളായിരുന്നില്ല. കത്തുകൾക്കൊപ്പം ഏതോ രഹസ്യ കോഡ് ഭാഷയിലുണ്ടായിരുന്ന ക്രിപ്റ്റോഗ്രാം സന്ദേശങ്ങളും ഉണ്ടായിരുന്നു. ക്രിപ്റ്റോഗ്രാമിൽ തന്റെ വ്യക്തിത്വം മറഞ്ഞിരിക്കുന്നുവെന്ന് സോഡിയാക് അവകാശപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിപ്റ്റോഗ്രാഫർമാർ സോഡിയാകിന്റെ കത്ത് ഡികോഡ് ചെയ്യാൻ ശ്രമിച്ചു. എന്തിനാണ് അയാൾ കൊല ചെയ്യുന്നത് ? എന്താണ് ഈ ക്രൂരകൃത്യങ്ങൾക്ക് അയാളെ പ്രേരിപ്പിക്കുന്നത് ? എന്താണ് അയാളുടെ പേര് ? തുടങ്ങിയ നിരവധി ചോദ്യങ്ങളുടെ ഉത്തരം ആ ക്രിപ്റ്റോഗ്രാം സന്ദേശങ്ങളിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.
1960നും 70കൾക്കുമിടയിലാണ് സോഡിയാക് തന്റെ കൊലപാതകങ്ങൾ നടത്തിയത്. കാലിഫോർണിയ, സാൻഫ്രാൻസിസ്കോ പ്രദേശങ്ങളിൽ 16നും 29നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളും സോഡിയാകിന്റെ തോക്കിനിരയായി. രണ്ട് പുരുഷൻമാർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിലൊരാൾ സോഡിയാകിനെ വ്യക്തമായി കണ്ടിരുന്നു.
30 വയസ് തോന്നിക്കുന്ന ഒരാളാണ് സോഡിയാക് എന്നായിരുന്നു മൊഴി. രേഖാ ചിത്രം വരയ്ക്കുകയും ചെയ്തു. ഇന്നേ വരെ സോഡിയാകിന്റെ പേരിൽ അഞ്ച് കൊലപാതകങ്ങൾ മാത്രമേ പൊലീസിന് കണ്ടെത്താനായുള്ളു. എന്നാൽ താൻ 37 പേരെ കൊന്നതായാണ് സോഡിയാക് സ്വയം അവകാശപ്പെടുന്നത്.

1969ൽ മൂന്ന് കൊലകൾക്ക് ശേഷം സാൻഫ്രാൻസിസ്കോയിലെ മൂന്ന് പ്രാദേശിക പത്രങ്ങൾക്ക് സോഡിയാക് കത്തയച്ചു. ഒപ്പം നിഗൂഢഭാഷയിലുള്ള ക്രിപ്‌റ്റോഗ്രാമും. കൊലയുടെ വിശദാംശങ്ങളായിരുന്നു കത്തിൽ. 408 ചിഹ്നങ്ങളോട് കൂടിയ മൂന്ന് പേജ് വരുന്ന ക്രിപ്‌റ്റോഗ്രാമിന്റെ ഓരോ പേജുകൾ വീതമാണ് ഓരോ പത്രത്തിനും ലഭിച്ചത്.
ഒരു പത്രം തങ്ങൾക്ക് ലഭിച്ച ക്രിപ്‌റ്റോഗ്രാം പ്രസിദ്ധീകരിച്ചു. മൃഗങ്ങളെക്കാൾ അപകടകാരിയായ മനുഷ്യനെ കൊല്ലാനാണ് തനിക്കിഷ്‌ടമെന്നും കൊല തുടരുമെന്നുമായിരുന്നു ആ ക്രിപ്‌റ്റോഗ്രാമിൽ പറഞ്ഞിരുന്നത്. രണ്ട് ചരിത്ര അദ്ധ്യാപകർ ചേർന്നാണ് അത് ഡീകോഡ് ചെയ്തത്. എന്നാൽ ബാക്കി ക്രിപ്റ്റോഗ്രാം ഡീകോഡ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. അടുത്ത കൊല നടത്തിയ ശേഷം ഇരയുടെ ഷർട്ടും ഒപ്പം കത്തും പൊലീസിന് സോഡിയാക് അയച്ചു. ഒപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് കുറ്റം ഏറ്റെടുക്കുകയും ചെയ്‌തു.
പിന്നീട് പലപ്പോഴായി കത്തുകളും ഫോൺകോളുകളും സോഡിയാകിന്റെ പേരിലെത്തി. 1974ലാണ് സോഡിയാകിന്റെ അവസാന കത്ത് പത്രക്കാർക്ക് ലഭിച്ചത്. ആകെ നാലെണ്ണത്തിൽ ഒരെണ്ണമൊഴിച്ച് സോഡിയാക് അയച്ച മൂന്ന് ക്രിപ്‌റ്റോഗ്രാമുകൾ വായിച്ചെടുക്കാൻ ആർക്കും ഇതേ വരെ കഴിഞ്ഞിട്ടില്ല. 2004ൽ സോഡിയാക് കില്ലറുടെ കേസ് പൊലീസ് അവസാനിപ്പിച്ചെങ്കിലും 2007ൽ വീണ്ടും പുനഃരാരംഭിച്ചു.