ജയ്‌പൂർ: സംസ്ഥാന നിയമസഭാ സമ്മേളനം ആഗസ്റ്റ് 14ന് ചേരുമെന്ന് ഉറപ്പായതോടെ തന്നെ പിന്തുണക്കുന്ന എം.എൽ.എമാരെ ജയ്‌സാൽമറിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മാറ്റി. വിലപേശൽ കൊഴുത്തതോടെയാണ് ഇത്തരമൊരു നീക്കം. ജൂലായ് 13 മുതൽ ജയ്പുരിലെ ഹോട്ടലിലായിരുന്നു എം.എൽ.എമാർ താമസിച്ചിരുന്നത്. ഹോട്ടലിൽ തുടരുന്നതിൽ അപകടം മണത്ത ഗലോട്ട് എം.എൽ.എമാരെ ജയ്‌സാൽമറിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിയമസഭയിൽ അവിശ്വാസ പ്രമേയത്തിന് അവസരം വരുന്നതോടെ കുതിരക്കച്ചവടം ചൂടുപിടിക്കുമെന്നാണ് ഗലോട്ട് ക്യാമ്പ് കണക്കുകൂട്ടുന്നത്. ഇതു ഭയന്നാണ് മറ്റൊരിടത്തേക്ക് എം.എൽ.എമാരെ മാറ്റാൻ ഗെലോട്ട് തയ്യാറെടുത്തത്. പുതിയ സ്ഥലത്തേക്ക് മാറ്റാൻ ചാർട്ടേഡ് വിമാനം തയ്യാറായിട്ടുണ്ട്. ഘട്ടം ഘട്ടമായി എല്ലാ എം.എൽ.എമാരേയും മാറ്റും.
പണം സ്വീകരിക്കാത്ത വിമതർ പാർട്ടിയിലേക്ക് തിരികെ വരണമെന്നാണ് ഗലോട്ട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നും തങ്ങൾ നിയമസഭയിലെത്തുമെന്നും ഗെലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് വിഷയവും ലോക്ക്ഡൗണിനു ശേഷമുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും നിയമസഭയിൽ ചർച്ച ചെയ്യുമെന്നും ഗലോട്ട് കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 14 ന് അവിശ്വാസ പ്രമേയത്തിനുള്ള സമയം ഗവർണർ നിശ്ചയിച്ചതോടെ എം.എ.എമാർക്ക് പല കോണുകളിൽ നിന്നും വിളികൾ വന്നു തുടങ്ങി. മുമ്പ് ആദ്യ ഗഡു 10കോടിയും രണ്ടാം ഗഡു 15 കോടിയുമായിരുന്നു. ഇവിടം വിട്ടു പോയവരിൽ ആദ്യ ഗഡു ആരൊക്കെ കൈപറ്റിയെന്ന് അറിവില്ല. ചിലർ വാങ്ങിയിട്ടുണ്ടാവില്ലെന്ന കാര്യവും തള്ളിക്കളയാനാവില്ല. അവർ തിരിച്ചുവരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഗലോട്ട് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.