england-cricket

സതാംപ്ടൺ : വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന് പിന്നാലെ അയർലാൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിലും ഇംഗ്ളണ്ടിന് വിജയം.

കഴിഞ്ഞ രാത്രി സതാംപ്ടണിൽ നടന്ന മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ഇംഗ്ളീഷുകാരുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ അയർലാൻഡ് 44.4 ഒാവറിൽ 172 റൺസിന് ആൾഒൗട്ടായപ്പോൾ ഇംഗ്ളണ്ട് 27.5 ഒാവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

8.4 ഒാവറിൽ 30 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലെയ് ആയിരുന്നു അയർലൻഡിന് വില്ലനായി മാറിയത്. പുതിയ പേസർ സാക്വിബ് മഹ്മൂദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആദിൽ റഷീദും ടോം കറാനും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.28 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ അയർലാൻഡിനെ ഗാരേത്ത് ഡെലാനി(22),കെവിൻ ഒബ്രിയാൻ(22),കർട്ടിസ് കാംപ്ഫർ(59*),ആൻഡി മക്ബ്രയാൻ (40) എന്നിവരുടെ ബാറ്റിംഗാണ് 172ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് ഒാപ്പണർ ജോണി ബെയർസ്റ്റോ (2),ജാസൺ റോയ് (24),ജെയിംസ് വിൻസ്(25), ടോം ബാന്റൺ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അഞ്ചാം വിക്കറ്റിൽ സാം ബില്ലിംഗ്സും (67*) ക്യാപ്ടൻ ഇയോൻ മോർഗനും (36*) പുറത്താകാതെ നേടിയ 96 റൺസാണ് ഇംഗ്ളണ്ടിന് വിജയമൊരുക്കിയത്. ഡേവിഡ് വില്ലെയ് ആണ് മാൻ ഒഫ് ദ മാച്ച്.

പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ സതാംപ്ടണിൽ നടക്കും.