ബാൾട്ടിമോർ: മദ്യലഹരിയിൽ കുഞ്ഞിന്റെ മുകളിൽ കിടന്നുറങ്ങിയതിനെത്തുടർന്ന് കുഞ്ഞ് ശ്വാസം മുട്ടി മരിച്ച കേസിൽ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാൻഡ് ഹൈക്കോടതി. ബാൾട്ടിമോറിലെ മ്യൂരിയൽ മോറിസൺ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്.
2013 സെപ്തംബറിലാണ് സംഭവം. കേസിൽ അമ്മ മോറിസൺ കുറ്റക്കാരിയാണെന്നും 20 വർഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്ക്കോടതി വിധി. എന്നാൽ അമ്മയെ കുറ്റക്കാരിയായി വിധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി മുമ്പത്തെ വിധിയും ശിക്ഷാകാലാവധിയും റദ്ദാക്കി.
മദ്യം കഴിച്ച ശേഷം നാലുമാസം പ്രായമുള്ള മകൾക്കൊപ്പം അമ്മ കിടന്ന് ഉറങ്ങുന്നത് കുറ്റകരമല്ലെന്നും പക്ഷേ അമ്മാമാർ കുറച്ച് കൂടി ശ്രദ്ധാലുക്കളാവണമെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അമ്മയെ ശിക്ഷിക്കുന്നത് സ്ത്രീകളെ ഭാവിയിൽ പലതരത്തിൽ ബാധിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. 2016ൽ ഈ കേസിന്റെ വിചാരണയ്ക്കിടെ താൻ 12 ഔൺസ് ബിയറും 40 ഔൺസ് മദ്യവും കഴിച്ചിരുന്നതായി മോറിസൺ വെളിപ്പെടുത്തിയിരുന്നു.
പുലർച്ചെ അമ്മ അനിയത്തിയുടെ മേൽ കയറിക്കിടക്കുന്നത് കണ്ട് തട്ടി ഉണർത്തിയെങ്കിലും മോറിസൺ ഗാഢനിദ്രയിലായിരുന്നുവെന്ന് മൂത്തമകൾ മൊഴി നൽകി. മകൾ മരിച്ച ശേഷം മോറിസൺ വല്ലാത്ത മാനസിക അവസ്ഥയിലായിപ്പോയെന്നും മകളുടെ മരണത്തിന് താനാണ് കാരണമെന്ന സങ്കടത്തിൽ കഴിയുകയായിരുന്നുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ മോറിസണിന് കൗൺസിലിംഗും ഏർപ്പാടാക്കി.
പ്രതിവർഷം 3500 കേസുകൾ
അമേരിക്കയിൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ മരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിവർഷം ഏകദേശം 3500 കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ശ്വാസംമുട്ടൽ, പ്രതിരോധശേഷിക്കുറവ്, അണുബാധ എന്നീ കാരണങ്ങൾ മൂലമാണ് കുട്ടികൾ മരിക്കുന്നത്. എന്നാൽ കാരണമറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്യാറുണ്ട്. മാതാപിതാക്കൾ കുഞ്ഞിനൊപ്പം മുറി പങ്കിടണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും കുഞ്ഞിനൊപ്പം ഒരു കിടക്കയിൽ കിടക്കുന്നതിനെ അമേരിക്കക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല.